നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇംഗ്ലണ്ടിന് അഡ്‌ലെയ്ഡില്‍ ജയത്തോടെ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാവു.
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് തോല്‍വിയിലേക്ക് നീങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ 429 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. രണ്ട് റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തും 11 റൺസുമായി വില്‍ ജാക്സും ക്രീസില്‍. നാലു വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 228 റണ്‍സ് കൂടി വേണം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഇംഗ്ലണ്ടിന് അഡ്‌ലെയ്ഡില്‍ ജയത്തോടെ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനാവു.
429 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(4) നഷ്ടമായി. ഒല്ലി പോപ്പിനും(17) ക്രീസില്‍ അധികം ആയുസുണ്ടായില്ല. പാറ്റ് കമിന്‍സായിരുന്നു ഇരുവരെയും മടക്കിയത്. എന്നാല്‍ സാക്ക് ക്രോളിയും ജോ റൂട്ടും പിടിച്ചു നിന്നതോടെ ഇംഗ്ലണ്ടിന് ചെറിയ പ്രതീക്ഷയായി.ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ നാലം ദിനം ചായക്ക് ശേഷം ജോ റൂട്ടിനെ(39) കൂടി മടക്കി പാറ്റ് കമിന്‍സ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ തകര്‍ത്തു. ഹാരി ബ്രൂക്ക് ആക്രമണോത്സുകത മാറ്റിവെച്ച് പിടിച്ചു നിന്നെങ്കിലും നഥാന്‍ ലിയോണിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം വിനയായി. 30 റണ്‍സെടുത്ത ഹാരി ബ്രൂക്ക് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ്(5), സാക് ക്രോളി(85) എന്നിവരെ കൂടി ലിയോണ്‍ മടക്കിയതോടെ1 177-3ല്‍ നിന്ന് ഇംഗ്ലണ്ട് 194-6ലേക്ക് കൂപ്പുകുത്തി. ഓസീസിനായി പാറ്റ് കമിൻസും നഥാന്‍ ലിയോണും മൂന്വ് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 271-4 എന്ന ശക്തമായ നിലയിലാണ് ഓസീസ് നാലാം ദിനം ക്രീസിലിറങ്ങിയത്. 170 റണ്‍സടിച്ച ട്രാവിസ് ഹെഡും 72 റണ്‍സടിച്ച അലക്സ് ക്യാരിയും ചേര്‍ന്ന് ഓസീസ് ലീഡ് 400 കടത്തിയെങ്കിലും പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ജോഷ് ഇംഗ്ലിസ്(10), കമിന്‍സ്(6), ലിയോണ്‍(0), ബോളണ്ട്(1) എന്നിവര്‍ എളുപ്പം മടങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ജോഷ് ടങ് നാലും വിക്കറ്റെടുത്തു.


