ദില്ലി: രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 80 കടന്നിരിക്കുകയാണ്. ഇതുവരെ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കരുത്തുപകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി.

'എല്ലാ മുന്‍കരുതലും സ്വീകരിച്ച് കരുത്തോടെ നില്‍ക്കുകയും കൊവിഡ് 19നെ നേരിടുകയും ചെയ്യാം. എല്ലാവരും സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക. പ്രതിരോധമാണ് ചികിത്സയെക്കാള്‍ പ്രധാനമെന്നത് ഓര്‍മ്മിക്കുക. എല്ലാവരെയും പരിപാലിക്കുക'...വിരാട് കോലി ട്വീറ്റ് ചെയ്‌തു. 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കെ എല്‍ രാഹുലും ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത്തരം പരീക്ഷണഘട്ടങ്ങളില്‍ സധൈര്യം നിലയുറപ്പിച്ച് എല്ലാവരും പരസ്‌പരം കരുതലാവണമെന്നും ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. 

കൊവിഡ് 19 ക്രിക്കറ്റിലും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും അടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ടി20 സീരിസാണ് ആദ്യ റദ്ദാക്കിയത്. പിന്നാലെ ഇംഗ്ലണ്ടിന്‍റെ ലങ്കന്‍ പര്യടനം ഉപേക്ഷിച്ചു. ഐപിഎല്‍ ഏപ്രില്‍ 15 വരെ മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഓസീസ് വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഒഴിവാക്കിയവയിലുണ്ട്. ഇന്ന് ഓസ‌്‌ട്രേലിയ-ന്യൂസിലന്‍ഡ് പരമ്പരകളും റദ്ദാക്കി.