ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് എം എസ് ധോണി തിരിച്ചുവരുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഐപിഎല്‍ മാറ്റിവെച്ചതോടെ വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിന് ശേഷം മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തി പരീശിലനം തുടങ്ങിയിരുന്നു. ധോണിയുടെ പരിശീലനം കാണാനായി പോലും നൂറു കണക്കിന് ആരാധകരാണ് ചൈന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്.

ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിയെ പരിഗണിക്കുകയെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിച്ചാല്‍ പിന്നീട് ധോണിയുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ അടയുമെന്നാണ് കരുതുന്നത്.

എന്നാല്‍ ഐപിഎല്ലിലെ പ്രകടനവും ധോണിയുടെ തിരിച്ചുവരവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് ആകാശ് ചോപ്ര. ധോണിയെപ്പോലൊരു കളിക്കാരന്റെ മികവ് അളക്കാനുള്ള അളവുകോലല്ല ഐപിഎല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ധോണി അത് ചെയ്യണം ഇത് ചെയ്യണം എന്നെല്ലാം പറഞ്ഞ് വിദഗ്ധരെത്തും. എന്നാല്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് ധോണി.

തിരിച്ചുവരണോ എന്ന കാര്യത്തില്‍ പോലും ധോണിക്ക് ആ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്‍ ഒരിക്കലും നിര്‍ണായക ഘടകമല്ല. അദ്ദേഹം തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സെലക്ടര്‍മാരെ ഇക്കാര്യം അറിയിക്കും. സ്വാഭാവികമായും സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലെടുക്കും. കാരണം പരിചയസമ്പത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലല്ലോ എന്നും ആകാശ് ചോപ്ര പറഞ്ഞു. ധോണി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം ടീമിലെത്തുമെന്നും ആകാശ് ചോപ്ര പറഞ്ഞു.