Asianet News MalayalamAsianet News Malayalam

സിറാജിനെതിരായ വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ, അന്വേഷണം ആരംഭിച്ചു

ഇന്നത്തെ സംഭവം കൃത്യമായി അംപയറെ അറിയിച്ചതിന് ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് സീന്‍ കരോള്‍ നന്ദി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Cricket Australia appologise for Racial  Abuse against Mohammed Siraj
Author
Sydney NSW, First Published Jan 10, 2021, 3:25 PM IST

സിഡ്‌നി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരായ വംശീയാധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ന് പുറത്തുവിട്ട കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഖേദം പ്രകടിപ്പിച്ചത്. നടത്തിവര്‍ക്കെതിനെ ന്യൂസൗത്ത് വെയ്ല്‍സ് പൊലീസ് അന്വേഷണം ആംരഭിച്ചതായും കുറിപ്പിപ്പില്‍ പറയുന്നുണ്ട്. അതോടൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തും.

ഇന്നത്തെ സംഭവം കൃത്യമായി അംപയറെ അറിയിച്ചതിന് ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് സീന്‍ കരോള്‍ നന്ദി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് ഓസ്‌ട്രേലില ബാറ്റ് ചെയ്ത രണ്ടാം സെഷനിലാണ് സിറാജിനെതിരെ വംശീയാധിക്ഷേപമുണ്ടായത്. തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. 

സിഡ്‌നി ടെസ്റ്റില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോളാണ് താരത്തെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ഇക്കാര്യം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ അറിയിച്ചു. അധിക്ഷേപം നടത്തിയവരെ സിറാജ് തന്നെയാണ് ചൂണ്ടികാണിച്ചുകൊടുത്തത്. ഗ്രൗണ്ടിലേക്കിറങ്ങിവന്ന മാച്ച് ഓഫീഷ്യല്‍സും അംപയറും അഞ്ചോ ആറോ പേരെ ഗ്യാലറിയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസിസെത്തി ഇവരെ പുറത്താക്കുകയായിരുന്നു

ഇവരെ പുറത്താക്കിയ ശേഷമാണ് പിന്നീട് മത്സരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഇന്നലെ സിറാജിനെ കൂടാതെ ജസ്പ്രീത് ബുമ്രയ്‌ക്കെതിരേയും വംശീയാധിക്ഷേപമുണ്ടായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി. ഇന്ത്യയുടെ പരാതിയില്‍ ഐസിസി അന്വേഷണം ആരംഭിച്ചിരുന്നു. സിഡ്‌നിയില്‍ മാത്രമല്ല, മെല്‍ബണിലും വംശീയാധിക്ഷേപം നടത്തിയ കാണികളെ പുറത്താക്കിയിരുന്നു. 

വംശീയാധിക്ഷേപങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios