ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ക്രമാതീതമായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുക എന്നത് അസംഭവ്യമായ കാര്യമായാണ് ഞാന്‍ കാണുന്നത്.

മെല്‍ബണ്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യത വിദൂരമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിംഗ്സ്. മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ ആലോചിക്കുകയാണെന്ന് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്റെ പ്രതികരണം.

ഈ വര്‍ഷം ടി20 ലോകകപ്പ് നടത്തുക എന്നത് അംസഭവ്യമായ കാര്യമാണെന്ന് എഡ്ഡിംഗ്സ് പറഞ്ഞു. യാത്രാ നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ വര്‍ഷം ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത വിദൂരമാണ്. ഔദ്യോഗികമായി ലോകകപ്പ് മാറ്റിവെച്ചിട്ടില്ലങ്കിലും നിലവിലെ സാഹചര്യത്തില്‍ 16 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താനാവുമെന്ന് കരുതുന്നില്ല.

കാരണം ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ക്രമാതീതമായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുക എന്നത് അസംഭവ്യമായ കാര്യമായാണ് ഞാന്‍ കാണുന്നത്. ഇക്കാര്യം ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഐസിസിയാണ് ഇനി തീരുമാനമെടുക്കണ്ടതെന്നും എഡ്ഡിംഗ്സ് പറഞ്ഞു. മുന്‍നിശ്ചയപ്രകാരം സംഘാടക സമിതി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളുമായി ഇപ്പോഴും മുന്നോട്ട് പോവുകയാണെന്നും എഡ്ഡിംഗ്സ് പറഞ്ഞു.

ഐസിസി ബോര്‍ഡ് യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ഈ മാസം ചേര്‍ന്നെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന് വേദിയാവേണ്ടത്. ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ അത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കനത്ത സാമ്പത്തിക ബാധ്യതയാകും വരുതതിവെക്കുക.

ട20 ലോകകപ്പ് മാറ്റിവെച്ചാല്‍ ഈ സമയം ഐപിഎല്‍ സംഘടിപ്പിക്കാനുള്ള സാധ്യതകളാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്തവര്‍ഷം ഇന്ത്യ ടി20 ലോകകപ്പിന് വേദിയാവുന്നുണ്ട് എന്നതിനാല്‍ ഈ വര്‍ഷത്തെ ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിയാല്‍ ഒരു വര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട സാഹചര്യം വരും. അടുത്ത വര്‍ഷത്തെ ലോകകപ്പ് 2022ലേക്ക് മാറ്റുക എന്ന സാധ്യതയും ഐസിസിയുടെ മുന്നിലുണ്ട്.