സിഡ്നി: ഈ വര്‍ഷം അവസാനം നടക്കേണ്ട ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താനൊരുങ്ങി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയ. സാധാരണയായി കളിക്കുന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് പകരം അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര നടത്താനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരമ്പരകള്‍ ഉപേക്ഷിച്ചതിലൂടെയുണ്ടായ വരുമാന നഷ്ടം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ദൈര്‍ഘ്യം കൂട്ടുന്നതോടെ ഏറെക്കുറെ പരിഹരിക്കാനാവുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. ഡിസംബറിലും ജനുവരിയിലുമായി ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് കെവിന്‍ റോബര്‍ട്സ് പറഞ്ഞു.  

Alos Read:ഓസീസ് പര്യടനത്തില്‍ കോലിയുടെ ആവേശം ചോര്‍ത്താന്‍ പുതിയ വഴി കണ്ടുപിടിച്ച് നഥാന്‍ ലിയോണ്‍

രാജ്യാന്തര മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നതെന്നും റോബര്‍ട്സ് വ്യക്തമാക്കി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കായിക മത്സരങ്ങളെല്ലാം വിലക്കിയ ഓസ്ട്രേലിയ സെപ്റ്റംബര്‍ 30വരെ വിദേശികളെ പ്രവേശിപ്പിക്കുന്നത് വിലക്കുകയും എല്ലാ അതിര്‍ത്തികളും അടയ്ക്കുകയും ചെയ്തിരുന്നു.

Alos Read:ഇന്ത്യന്‍ വനിതകളുടെ പോരാട്ടം തുണച്ചു; കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍‍‍‍ഡിട്ട് ഐസിസി വനിതാ ടി20 ലോകകപ്പ്

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അനിശ്ചിതത്വത്തിലാണ്. ടി20 ലോകകപ്പ് സംബന്ധിച്ച് ഓഗസ്റ്റില്‍ മാത്രമെ അന്തിമ തീരുമാനമെടുക്കുവെന്ന്  ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന വനിതകളുടെ ടി20 ലോകകപ്പ് കാണികളുടെ പങ്കാളിത്തം കൊണ്ടും കാഴ്ചക്കാരുടെ എണ്ണം കൊണ്ടും റെക്കോര്‍ഡിട്ടിരുന്നു. മെല്‍ബണില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ കാണാന്‍ മാത്രം 86000 കാണികള്‍ സ്റ്റേഡിയത്തിലെത്തി.