ആഗോള ഫ്രാഞ്ചൈസി ലീഗുകളുടെ, പ്രത്യേകിച്ച് ഐപിഎല്ലിന്റെ സാമ്പത്തിക വെല്ലുവിളി നേരിടാൻ ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ തന്ത്രം മെനയുന്നു. ഇതിന്റെ ഭാഗമായി നായകൻ പാറ്റ് കമ്മിൻസിന് 2029 വരെ നീളുന്ന 66 കോടി രൂപയുടെ വമ്പൻ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെല്‍ബണ്‍: ആഗോളതലത്തില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റും ഐപിഎല്ലും ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പുതിയ നീക്കവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന് പ്രതിവര്‍ഷം ഏകദേശം 22 കോടി രൂപ (4 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍) ലഭിക്കുന്ന രീതിയിലുള്ള കരാര്‍ പുതുക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയന്‍ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2029 വരെയുള്ള മൂന്ന് വര്‍ഷത്തെ കരാറിനായി ഏകദേശം 66 കോടി രൂപയാണ് കമ്മിന്‍സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നിലവിലുള്ള വാര്‍ഷിക ശമ്പളത്തില്‍ ഏകദേശം ഒരു ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറിന്റെ വര്‍ദ്ധനവ് കമ്മിന്‍സിന് ലഭിക്കും. കമ്മിന്‍സ് എത്ര മത്സരങ്ങള്‍ കളിക്കുന്നു എന്നതിലുപരി, കൃത്യമായ ഒരു തുക ഉറപ്പാക്കുന്ന രീതിയിലായിരിക്കും പുതിയ കരാര്‍. ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍ എന്നീ പ്രമുഖ താരങ്ങള്‍ക്കും സമാനമായ രീതിയില്‍ മികച്ച കരാറുകള്‍ ലഭിച്ചേക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ കമ്മിന്‍സിന് ഈ സീസണില്‍ 18 കോടി രൂപയാണ് ലഭിക്കുന്നത്.
ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ താരങ്ങള്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ നിന്ന് താരങ്ങളെ അകറ്റുമോ എന്ന ആശങ്ക ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കുണ്ട്. ''മള്‍ട്ടി ഫോര്‍മാറ്റ് താരങ്ങളായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. അവര്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിനോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന.'' ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മേധാവി ജെയിംസ് അല്‍സോപ്പ് പറഞ്ഞു.
അടുത്ത 12 മാസത്തിനുള്ളില്‍ 21 ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള കടുപ്പമേറിയ ഷെഡ്യൂളാണ് ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രധാന താരങ്ങളെ ടീമിനൊപ്പം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബോര്‍ഡ് വിലയിരുത്തുന്നു. പുതിയ കരാര്‍ പ്രകാരം 2029ല്‍ കാലാവധി അവസാനിക്കുമ്പോള്‍ കമ്മിന്‍സിന് 36 വയസ്സാകും.

