ഹൈദരാബാദില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം കാണാന്‍ കാണികള്‍ ഏറെയെത്തി എന്ന വിവരമാണ് പുറത്തുവരുന്നത്

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന വിലയിരുത്തലുകളും വിമര്‍ശനവും ഒരുവശത്ത് സജീവമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഐസിസി തുടക്കമിട്ടിട്ടും ടെസ്റ്റ് ക്രിക്കറ്റ് ശ്വാസം മുട്ടുകയാണ് എന്ന് വിലപിക്കുന്നവരേറെ. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകം സാക്ഷികളാവുന്നത് മറ്റൊന്നിനാണ്. ഗാബയില്‍ ഓസ്ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് ഡേ-നൈറ്റ് ടെസ്റ്റ് കാണാന്‍ സ്റ്റേഡിയം ഏതാണ്ട് നിറഞ്ഞെങ്കില്‍ ഹൈദരാബാദില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലെ കഥയും വ്യത്യസ്തമല്ല. 

ഹൈദരാബാദില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരം കാണാന്‍ കാണികള്‍ ഏറെയെത്തി എന്ന വിവരമാണ് പ്രമുഖ ക്രിക്കറ്റ് ആരാധകനായ ജോണ്‍സ് ട്വീറ്റ് ചെയ്തത്. ഒന്നാം ദിനം 23000ത്തിലധികവും രണ്ടാം ദിനം 32000ത്തിലധികവും മൂന്നാം ദിനം 25000ത്തിലധികവും കാണികള്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തി. 'ഹൈദരാബാദ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നു, ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ആരാധകരുടെ വലിയ പിന്തുണ ലഭിക്കുന്നു' എന്നും ജോണ്‍സിന്‍റെ ട്വീറ്റിലുണ്ട്. ടീം ഇന്ത്യക്ക് ഹൈദരാബാദിലെ ക്രിക്കറ്റ് ആരാധകരുടെ വലിയ പിന്തുണയ്ക്ക് മറ്റ് ഫാന്‍സും സാമൂഹ്യമാധ്യമമായ എക്സില്‍ നന്ദി പറയുന്നുണ്ട്. റണ്‍മെഷീന്‍ വിരാട് കോലിയുണ്ടായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ആരാധകര്‍ മത്സരം കാണാന്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിയേനെ എന്ന് കരുതുന്ന ക്രിക്കറ്റ് പ്രേമികളുമുണ്ട്. 

Scroll to load tweet…

അതേസമയം ഹൈദരാബാദ് ടെസ്റ്റില്‍ മൂന്നാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 77 ഓവറില്‍ 316-6 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 208 പന്തില്‍ 148* റണ്‍സുമായി ഓലീ പോപും 31 ബോളില്‍ 16* റണ്‍സ് എടുത്ത് റെഹാന്‍ അഹമ്മദുമാണ് ക്രീസില്‍. നാല് വിക്കറ്റ് കയ്യിലിരിക്കേ ഇംഗ്ലണ്ടിന് ഇപ്പോള്‍ 126 റണ്‍സിന്‍റെ ലീഡാണുള്ളത്. നേരത്തെ, ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246 റണ്‍സിനെതിരെ ഇന്ത്യ 436ല്‍ പുറത്തായി. 190 റണ്‍സിന്‍റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. 87 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (86), യശസ്വി ജയ്‌സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Read more: ജോണി ബെയ്‌ര്‍സ്റ്റോ ഇന്നുറങ്ങില്ല; സ്വപ്ന ബോളില്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം