ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ 28-ാം ഓവറിലെ നാലാം പന്തില്‍ ജഡേജയുടെ ഗുഡ് ലെങ്ത് പന്തില്‍ ലീവ് ചെയ്യാന്‍ തീരുമാനിച്ച ബെയ്‌ര്‍സ്റ്റോ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റിംഗിലെ തകര്‍പ്പന്‍ ഫിഫ്റ്റിക്ക് ശേഷം ബൗളിംഗിലും മിന്നല്‍പ്പിണരായി ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വെടിക്കെട്ട് വീരന്‍ ജോണി ബെയ്ര്‍സ്റ്റോയെ ഒരു സ്വപ്ന ബോളില്‍ ബൗള്‍ഡാക്കിയാണ് ജഡേജ തിളങ്ങിയത്. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ 28-ാം ഓവറിലെ നാലാം പന്തില്‍ ജഡേജയുടെ ഗുഡ് ലെങ്ത് പന്തില്‍ ലീവ് ചെയ്യാന്‍ തീരുമാനിച്ച ബെയ്‌ര്‍സ്റ്റോ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 24 ബോളില്‍ 10 റണ്‍സെടുത്തായിരുന്നു ജോണിയുടെ പുറത്താകല്‍. ആ വിക്കറ്റ് ചുവടെ കാണാം. 

Scroll to load tweet…

പുത്തന്‍ റെക്കോര്‍ഡുമായി രവീന്ദ്ര ജഡേജ

ഹൈദരാബാദ് ടെസ്റ്റില്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ വിക്കറ്റോടെ രവീന്ദ്ര ജഡേജ പുതിയ നാഴികക്കല്ലിലെത്തി. എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ജഡേജ ആറാം സ്ഥാനത്തക്ക് ഉയര്‍ന്നു. മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയാണ് ജഡേജ മറികടന്നത്. രവീന്ദ്ര ജഡേജയ്ക്ക് കരിയറിലെ 332 രാജ്യാന്തര മത്സരങ്ങളില്‍ 552 വിക്കറ്റുകളായി. ശ്രീനാഥിന് 296 കളികളില്‍ 551 വിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 401 മത്സരങ്ങളില്‍ 953 വിക്കറ്റുമായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് പട്ടികയില്‍ തലപ്പത്ത്. രവിചന്ദ്രന്‍ അശ്വിന്‍ (723), ഹര്‍ഭജന്‍ സിംഗ് (707), കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (597) എന്നിവരാണ് ജഡേജയ്ക്ക് മുന്നിലുള്ള മറ്റ് ബൗളര്‍മാര്‍.

ബാറ്റിംഗിലും തിളക്കം

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 64.3 ഓവറില്‍ 246 റണ്‍സില്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 436 റണ്‍സെടുത്തപ്പോള്‍ 180 പന്തില്‍ 87 റണ്‍സുമായി ബാറ്റ് കൊണ്ടും ജഡേജ തിളങ്ങി. ഏഴ് ഫോറും രണ്ട് സിക്‌സറും ജഡേജ പറത്തി. 

Read more: ഡിആര്‍എസ് മുട്ടന്‍ കോമഡിയോ; രവീന്ദ്ര ജഡേജയുടെ പുറത്താകലില്‍ ഇളകി ആരാധകര്‍; മറുപടിയുമായി രവി ശാസ്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം