എല്ലാവരും നന്നായി കളിക്കുമ്പോള്‍ അയാള്‍ മാത്രമെന്താണിങ്ങനെ? ശ്രേയസിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ആരാധകര്‍
ഷോര്‍ട്ട് ബോളുകള്‍ കളിക്കാനാകുന്നില്ലെന്നുള്ളതാണ് ശ്രേയസിന്റെ പ്രധാന പ്രശ്‌നം. ഇന്നലേയും പുറത്തായത് ഷോര്‍ട്ട് ബോളിലാണ്. നിലവില്‍ ഇന്ത്യന്‍ നിരയില്‍ താരങ്ങളും ഫോമിലായിരിക്കെ ശ്രേയസ് മാത്രമാണ് ഒരപവാദം.

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ അത്ര നല്ല ഫോമിലല്ല ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ആറ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 33.5 ശരാശരിയില്‍ 134 റണ്‍സാണ് താരം നേടിയത്. ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരത്തല്‍ താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താവാതെ 25 റണ്‍സ്. മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരെ പുറത്താവാതെ 53 റണ്‍സും നേടി. പിന്നീടങ്ങോട്ട് താരത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നു. ബംഗ്ലാദേശിനെതിരെ 19 റണ്‍സിന് മടങ്ങിയ ശ്രേയസ് ന്യൂസിലന്‍ഡിനെതിരെ 33 റണ്‍സിനും പുറത്തായി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ 16 പന്തില്‍ നാല് റണ്‍സിന് മാത്രമായിരുന്നു നേടിയത്.
ഷോര്‍ട്ട് ബോളുകള്‍ കളിക്കാനാകുന്നില്ലെന്നുള്ളതാണ് ശ്രേയസിന്റെ പ്രധാന പ്രശ്‌നം. ഇന്നലേയും പുറത്തായത് ഷോര്‍ട്ട് ബോളിലാണ്. നിലവില്‍ ഇന്ത്യന്‍ നിരയില്‍ താരങ്ങളും ഫോമിലായിരിക്കെ ശ്രേയസ് മാത്രമാണ് ഒരപവാദം. ഇംഗ്ലണ്ടിനെതിരേയും നിരാശപ്പെടുത്തിയതോടെ താരത്തെ പരിഹസിക്കുകയാണ് ക്രിക്കറ്റ് ലോകം. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രേയിസിന് സാധിക്കുന്നില്ലെന്നുള്ളതാണ് വാദം. മാത്രമല്ല, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ശ്രയസിന് സാധിക്കുന്നില്ലെന്നും അഭിപ്രായങ്ങള്‍ വരുന്നു. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...
ശ്രേയ്‌സ്, വിരാട് കോലി (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിന് ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രോഹിത്തിന്റെ 87 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് നേടിയ 49 റണ്‍സും ഗുണം ചെയ്തു.