Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍, നീ കയ്യടി അര്‍ഹിക്കുന്നു; താരത്തിന് ഇതിഹാസങ്ങളുടെ അഭിനന്ദപ്രവാഹം

ലഖ്‌നൗവിലെ മഴയ്ക്ക് ശേഷമുണ്ടായ ഇന്ത്യയുടെ വിക്കറ്റ്മഴ തുടച്ചുനീക്കി വിജയത്തോളം ടീമിനെ എത്തിച്ച സഞ്ജുവിന്‍റെ പ്രയത്‌നത്തിനാണ് വീരുവിന്‍റെ പ്രശംസ 

cricket Legends came with ultimate praise for Sanju Samson innings in Lucknow ODI vs South Africa
Author
First Published Oct 7, 2022, 8:15 AM IST

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് സ‍ഞ്ജു സാംസണിനെ അഭിനന്ദനപ്രവാഹം കൊണ്ട് പൊതിയുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ച് ടീം ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ രംഗത്തെത്തി. 

ലഖ്‌നൗവിലെ മഴയ്ക്ക് ശേഷമുണ്ടായ ഇന്ത്യയുടെ വിക്കറ്റ്മഴ തുടച്ചുനീക്കി വിജയത്തോളം ടീമിനെ എത്തിച്ച സഞ്ജുവിന്‍റെ പ്രയത്‌നത്തിനാണ് ഇതിഹാസ ഓപ്പണറായ വീരുവിന്‍റെ പ്രശംസ. നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌ചവെച്ചതെന്ന് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഇന്ത്യയുടെ എക്കാലത്തയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം. സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നതായുമായിരുന്നു മുന്‍താരം മുഹമ്മദ് കൈഫിന്‍റെ കുറിപ്പ്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും അടക്കമുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തി. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 9 റണ്‍സിന് തോറ്റെങ്കിലും ഏകദിന കരിയറിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറുമായി സഞ്ജു സാംസണ്‍ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് എട്ട് വിക്കറ്റിന് 240 റണ്‍സേ നേടാനായുള്ളൂ. ശിഖര്‍ ധവാനും(4), ശുഭ്‌മാന്‍ ഗില്ലും(3), റുതുരാജ് ഗെയ്‌ക്‌വാദും(19), ഇഷാന്‍ കിഷനും പുറത്തായ ശേഷം ആറാമനായി ക്രീസിലെത്തി 63 പന്ത് നേരിട്ട സഞ്ജു 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 86* റണ്‍സ് നേടി. സഞ്ജുവിന്‍റെ പോരാട്ടത്തിന് പുറമെ ശ്രേയസ് അയ്യര്‍ 50ഉം ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 33ഉം റണ്‍സ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. 

കട്ട ഫാന്‍സ് ആഘോഷിക്കാതിരിക്കുമോ; സഞ്ജു സാംസണിനെ പുകഴ്‌ത്തി ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും

Follow Us:
Download App:
  • android
  • ios