ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനിടെയാണ് രസകരമായ സംഭവം


ഐപിഎല്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍, അങ്ങ് ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലുണ്ടായ രസകരമായ സംഭവം സമൂഹമാധ്യമങ്ങളിലാകെ ചിരി പടര്‍ത്തുകയാണ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ലങ്കാഷെയര്‍-ഗ്ലോസെസ്റ്റ‍‍ര്‍ഷെയര്‍ മത്സരത്തിനിടെയായിരുന്നു ആ നിമിഷം. റണ്‍സെടുക്കാനൊടുന്നതിനിടെ ലങ്കാഷെയര്‍ താരം ടോം ബെയിലിയുടെ പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മൈതാനത്ത് വീണു. ആശ്ചര്യപ്പെടേണ്ടതില്ല, സ്മാര്‍ട്ട്ഫോണ്‍ തന്നെ.

മത്സരത്തിന്റെ 114-ാം ഓവറിലായിരുന്നു ഇതുണ്ടായത്. പത്താം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ബെയിലി ജോഷ് ഷോയുടെ പന്ത് നേരിടുകയായിരുന്നു. ലങ്കാഷെയറിന്റെ സ്കോര്‍ 400 കടന്നിരുന്നു. ഫൈൻ ലെഗിലേക്ക് പന്ത് ഫ്ലിക്ക് ചെയ്ത് രണ്ടാം റണ്ണിനായി ഓടുന്നതിനിടെ പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ താഴേക്ക് വീഴുന്നു. 

ആദ്യം ഇത് കമന്റേറ്റര്‍മാരുടെ ശ്രദ്ധയിലാണ് പെട്ടത്. അയാളുടെ പോക്കറ്റില്‍ നിന്ന് എന്തോ ഒന്ന് പുറത്തേക്ക് വീണിരിക്കുന്നു, അത് ഒരു മൊബൈല്‍ ഫോണാണെന്നാണ് തോന്നുന്നത്, ഒരു കമന്റേറ്റര്‍ പറഞ്ഞു. അതിനൊരു സാധ്യതയുമില്ലെന്നായിരുന്നു മറ്റൊരു കമന്റേറ്റര്‍ അഭിപ്രായപ്പെട്ടത്. 

Scroll to load tweet…

ഇത് എത്രത്തോളം താമാശയായി നമ്മള്‍ കാണുന്നുണ്ടെങ്കിലും ഇത് ചിരിച്ചുവിടുമെങ്കിലും റിപ്പോര്‍ട്ട് ചെയ്യേണ്ട ഒരു സംഭവമാണെന്നാണ് താൻ കരുതുന്നതെന്നും കമന്റേറ്റ‍ര്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ ഫോണുമായാണ് അവൻ കളിക്കാൻ മൈതാനത്തേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൗളര്‍ ഷൊ സ്മാര്‍ട്ട്ഫോണ്‍ എടുത്തെങ്കിലും അത് അമ്പയര്‍ക്ക് കൈമാറിയോ എന്നത് വ്യക്തമല്ല. മത്സരത്തില്‍ 31 പന്തില്‍ 22 റണ്‍സെടുത്ത് ബെയിലി പുറത്താകാതെ നിന്നു.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി പല മുൻതാരങ്ങളും സമൂഹ മാധ്യമങ്ങളിലെത്തി. ടീമിന്റെ സോഷ്യല്‍ മീഡിയ കൈകാര്യ ചെയ്യുന്നത് ബെയിലി ആയിരിക്കണം അതുകൊണ്ടാണ് ഫോണുമായി ക്രീസിലെത്തേണ്ടി വന്നതെന്നാണ് ഉയർന്ന ഒരു അഭിപ്രായം. 

Scroll to load tweet…

2016ല്‍ മുൻ ഇംഗ്ലണ്ട് താരം രവി ബോപാര പോസ്റ്റ് ചെയ്ത ഒരു ട്വീറ്റും ഇതോടെ വീണ്ടും ചർച്ചയായി. മൊബൈല്‍‌ ഫോണ്‍ പോക്കലിട്ടാണ് ഞാൻ കളിക്കാനിറങ്ങിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു ബൊപാരയുടെ അന്നത്തെ ട്വീറ്റ്.