ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന് ഈ മത്സരം നഷ്ടമാകും. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാവുമ്പോഴേക്ക് പൂര്‍ത്തിയാവില്ല.

ദുബായ്: ഐപിഎല്‍ രണ്ടാംപാതിയില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. അവരുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന് ഈ മത്സരം നഷ്ടമാകും. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാവുമ്പോഴേക്ക് പൂര്‍ത്തിയാവില്ല. ഞായറാഴ്ച്ചയാണ് മുംബൈയുമായിട്ടുള്ള മത്സരം.

താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. ഇന്ത്യയില്‍ നടന്ന ആദ്യപാദ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു താരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തു. കറന്റെ അഭാവം ആശങ്കയുണ്ടാക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെ വരവ് ചെന്നൈ ക്യാംപിനെ ആവേശത്തിലാക്കി.

പരിക്കിനെ തുടര്‍ന്ന് ഡുപ്ലെസിക്ക് കരിബീയിന്‍ പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.