എം എസ് ധോണിക്ക് വേണമെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിനായി കളിക്കാം എന്നാണ് വസീം അക്രം പറയുന്നത്
ചെന്നൈ: നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി കളിക്കുന്നത്. 2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കായി കളിക്കുന്നത് തുടരുകയായിരുന്നു. എന്നാല്‍ ഐപിഎല്‍ 2024 സീസണില്‍ ധോണി കളിക്കുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. അടുത്തിടെ കാല്‍മുട്ടിലെ ശസ്‌ത്രക്രിയ കഴിഞ്ഞതിനാല്‍ ധോണി വരും സീസണിനുണ്ടാകുമോ എന്ന ആശങ്ക സിഎസ്‌കെ ആരാധകര്‍ക്കുണ്ട്. ഇതിനിടെ ധോണിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രസ്‌താവന നടത്തിയിരിക്കുകയാണ് പാക് പേസ് ഇതിഹാസം വസീം അക്രം.
എം എസ് ധോണിക്ക് വേണമെങ്കില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിനായി കളിക്കാം എന്നാണ് വസീം അക്രം പറയുന്നത്. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ കൃത്യ സമയത്തായിരുന്നു എന്നും അക്രം പറയുന്നു. 'പ്രകടനം വച്ച് നോക്കിയാല്‍ വേണമെങ്കില്‍ ധോണിക്ക് ഇപ്പോഴും ഇന്ത്യന്‍ ടീമിനായി കളിക്കാം. എന്നാല്‍ ധോണി കൃത്യസമയത്ത് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതാണ് ധോണിയുടെ പ്രത്യേകത. ഐപിഎല്ലില്‍ അടുത്ത സീസണില്‍ ധോണി ശക്തമായി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ധോണി പൂര്‍ണ ആരോഗ്യവാനാണ്. ഐപിഎല്‍ 2023ല്‍ ഒരു മത്സരത്തില്‍ പോലും പുറത്തിരുന്നില്ല. ഒരു പ്രത്യേക പ്രായമായാല്‍ മടങ്ങിവരവ് വിഷമകരമാണ്. അതിന് പരിശീലനവും ആഗ്രഹവും ആവശ്യമാണ്. പക്ഷേ ധോണി എന്താണ് ചെയ്യുന്നത് എന്ന് അയാള്‍ക്ക് നന്നായി ബോധ്യമുണ്ട്' എന്നും വസീം അക്രം പറഞ്ഞു.
ധോണിയും സിഎസ്‌കെയും ഒറ്റച്ചങ്ക്
'ധോണി ക്രിക്കറ്റിലെ ഇതിഹാസമാണ്. ഇതിഹാസ ക്യാപ്റ്റനാണ്. ഒരു ടീമിനൊപ്പം അഞ്ച് കിരീടങ്ങള്‍ നേടുന്നത് ചില്ലറ കാര്യമല്ല. അതും ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്‍റില്‍. 10 ടീമുകളുള്ള ലീഗില്‍ 14 മത്സരങ്ങള്‍ കളിക്കണം പ്ലേ ഓഫിനായി. 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാവധാനമാണ് തുടങ്ങിയത് എങ്കിലും ധോണിയുള്ള ടീം ഫൈനലിലെത്തുകയും കപ്പുയര്‍ത്തുകയും ചെയ്തു. അഞ്ച് കിരീടങ്ങള്‍ എന്നത് സ്വപ്‌ന നേട്ടമാണ്. ചെന്നൈയൊരു ഐതിഹാസിക ടീമാണ്. വിരമിച്ചാലും ധോണി സിഎസ്‌കെയില്‍ ഉപദേഷ്‌ടാവായോ പ്രസിഡന്‍റായോ മറ്റ് ചുമതലകളിലോ തുടരും. സിഎസ്‌കെയും ധോണിയും രണ്ടല്ല, ഒന്നാണ്' എന്നും അക്രത്തിന്‍റെ വാക്കുകളിലുണ്ട്.
Read more: ഓവലില്‍ ഏക സ്‌പിന്നര്‍ എങ്കില്‍ കളിക്കുക ആര്? ബൗളിംഗില്‍ വന്‍ സര്‍പ്രൈസിന് സാധ്യത
