ചെന്നൈ: ഏകദിന ലോകകപ്പിനുശേഷം ധോണിയുടെ ബാറ്റിംഗ് കാണാനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പത്ത് മാസമായി. ഐപിഎല്ലിലൂടെ വീണ്ടും മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ധോണിയുടെ ബാറ്റിംഗ് പരിശീലനം കാണാന്‍ പോലും ആരാധകര്‍ ഗ്യാലറിയിലേക്ക് ഒഴുകിയെത്തുന്നതും അതുകൊണ്ടാണ്. ഐപിഎല്ലിലെ ചെന്നൈ ടീം നായകനായ ധോണി ഏതാനും ദിവസങ്ങളായി ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് പരിശീലന നടത്തുന്നുണ്ട്.

Also Read: 'തല' തിരുമ്പി വന്തിട്ടേന്‍... ചെന്നൈയില്‍ പരിശീലനത്തിനിറങ്ങിയ ധോണിക്കായി ആര്‍പ്പവിളിച്ച് ആരാധകര്‍

നെറ്റസില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങുന്ന ധോണിയുടെ ഓരോ ഷോട്ടിനും കൈയടിക്കാനും ആര്‍പ്പുവിളിക്കാനും നിരവധി ആരാധകരാണ് ചെപ്പോക്കിലെ ഗ്യാലറിയിലെത്തുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ ധോണി നെറ്റ്സില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ സിക്സറിന് പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.ധോണിയുടെ ബാറ്റിംഗ് പരിശീലന വീഡിയോ സ്റ്റാര്‍ സ്പോര്‍ട്സ് ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു. ബൗളിംഗ് മെഷിനില്‍ നിന്ന് വരുന്ന പന്തുകളാണോ ഏതെങ്കിലും ബൗളര്‍മാര്‍ എറിയുന്ന പന്തുകളാണോ ധോണി സിക്സറടിക്കുന്നത് എന്ന് വീഡിയോയില്‍ വ്യക്തമല്ല.

എന്തായാലും തുടര്‍ച്ചയായി സിക്സറുകള്‍ പറത്താനുള്ള കഴിവ് തനിക്കിപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിക്കുന്നതാണ് ധോണിയുടെ വീഡിയോ. ഐപിഎല്ലിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും 38കാരനായ ധോണിയെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുകയെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം രണ്ടിനാണ് ധോണി ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ ടീം ക്യാംപില്‍ ചേര്‍ന്നത്.