എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ വലിയ സങ്കടത്തിലായിരുന്നു
ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കമാകുമ്പോള്‍ എല്ലാ കണ്ണുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകനായിരുന്ന എം എസ് ധോണിയിലേക്കാണ്. നായകന്‍റെ തൊപ്പിയില്ലാതെയാണ് ധോണി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇന്ന് മൈതാനത്തിറങ്ങുന്നത്. ഇന്നലെ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി റുതുരാജ് ഗെയ്‌ക്‌വാദിന് ധോണി കൈമാറിയിരുന്നു. ഇതോടെ ഒരു ആശങ്ക ആരാധകരുടെ മനസില്‍ ഉടലെടുത്തിരുന്നു.
എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍സി ഒഴിഞ്ഞെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ വലിയ സങ്കടത്തിലായിരുന്നു. ഐപിഎല്‍ പതിനേഴാം സീസണിലെ ആദ്യ മത്സരത്തിന് മുമ്പേ ക്യാപ്റ്റന്‍സി മാറിയ ധോണി ആര്‍സിബിക്കെതിരായ ഉദ്ഘാടന മത്സരത്തോടെ മറ്റൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തുമോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. ധോണി ഐപിഎല്‍ 2024 സീസണിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിനോട് വ്യക്തമാക്കി. ക്യാപ്റ്റന്‍സി റുതുരാജിനെ എല്‍പിക്കാന്‍ ധോണി സ്വമേധയാ തീരുമാനിക്കുകയായിരുന്നു എന്നും അദേഹം പറഞ്ഞു. ധോണി ഐപിഎല്‍ പതിനേഴാം സീസണിന് മധ്യേ വിരമിക്കല്‍ പ്രഖ്യാപിക്കില്ല എന്നാണ് കരുതപ്പെടുന്നത്. മെഗാ താരലേലം നടക്കാനിരിക്കുന്ന വരും സീസണില്‍ ധോണി കളിക്കുമോ എന്ന് കാത്തിരുന്നറിയാം.
അതേസമയം ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞത് അവസാന നിമിഷം മാത്രം അറിഞ്ഞ സിഎസ്‌കെ സിഇഒയ്ക്ക് ടീമിലെ കാര്യങ്ങളൊന്നും കൃത്യമായി അറിയില്ല എന്ന് വിമര്‍ശിക്കുന്ന ആരാധകരെ സാമൂഹ്യമാധ്യമമായ എക്‌സില്‍ കാണാം.
ഇത് രണ്ടാം തവണയാണ് എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നായകസ്ഥാനം മറ്റൊരു താരത്തിന് കൈമാറുന്നത്. 2022ല്‍ ടീമിലെ പരിചയസമ്പന്നനായ മറ്റൊരു താരവും ധോണിയുടെ വിശ്വസ്തനുമായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടര്‍ തോല്‍വികളെ തുടർന്ന് സീസണിടയില്‍ ക്യാപ്റ്റന്‍ സ്ഥാനം ധോണി തിരിച്ചെടുത്തിരുന്നു. 2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം റെക്കോര്‍ഡ് പങ്കിടുന്ന താരമാണ്. 226 മത്സരങ്ങളിലാണ് ധോണി സിഎസ്‌കെ ക്യാപ്റ്റനായത്. ഇതില്‍ 133 കളികളില്‍ ടീം വിജയിച്ചു.
