Asianet News MalayalamAsianet News Malayalam

റെയ്‌നയ്ക്ക് പകരം മലാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുമോ..? സിഇഒയുടെ പ്രതികരണം ഇങ്ങനെ

സിഎസ്‌കെയില്‍ വിദേശ കളിക്കാരുടെ ക്വാട്ട തീര്‍ന്നതിനാല്‍ മലാനെ ടീമിലെത്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

CSK CEO reacts to the reports of Dawid Malan arrival
Author
Dubai - United Arab Emirates, First Published Sep 11, 2020, 9:02 PM IST

ദുബായ്: സുരേഷ് റെയ്നക്ക് പകരം ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മലാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുമെന്ന വാര്‍ത്തകള്‍ തള്ളി സിഇഒ കാശി വിശ്വനാഥന്‍. സിഎസ്‌കെയില്‍ വിദേശ കളിക്കാരുടെ ക്വാട്ട തീര്‍ന്നതിനാല്‍ മലാനെ ടീമിലെത്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മലാനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിച്ചു എന്നുള്ളത് തെറ്റായ വാര്‍ത്തയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എട്ട് വിദേശതാരങ്ങളെയാണ് ഒരു ടീമില്‍ ഉള്‍പ്പെടുത്തനാവുക. 17 പേര്‍ ഇന്ത്യന്‍ താരങ്ങളായിരിക്കണം. ഷെയ്ന്‍ വാട്സന്‍, ലുങ്കി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സാന്റ്നര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, സാം കറന്‍ എന്നിവരാണ് സിഎസ്‌കെയിലെ വിദേശതാരങ്ങള്‍. അങ്ങനെിരിക്കെ വിദേശ കളിക്കാരുടെ ക്വാട്ട ഫുള്ളായിരിക്കുമ്പോള്‍ എങ്ങനെയാണ് ഞങ്ങള്‍ക്കതിന് സാധിക്കുക കാശി ചോദിക്കുന്നു. കോവിഡ് മുക്തനായ പേസര്‍ ദീപക് ചഹറിന് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ അനുമതിയും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച ടീം അംഗങ്ങള്‍ക്കൊപ്പം ചാഹര്‍ പരിശീലനം ആരംഭിക്കും. ഏതാനും ദിവസം മുന്‍പ് ചഹര്‍ കോവിഡ് മുക്തനായി എങ്കിലും ഫിറ്റ്നസ് ടെസ്റ്റ് ക്ലിയര്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചെന്നൈയുടേയും ബിസിസിഐയുടേയും എല്ലാ അനുമതിയും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ വ്യക്തിപരമായ കാരണങ്ങളാല്‍ സീസണിലെ ഐപിഎല്‍ വേണ്ടെന്നുവച്ച സുരേഷ് റെയ്‌നയ്ക്ക് പകരം മലാനെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. മലാന് വേണ്ടി പ്രാരംഭഘട്ട ചര്‍ച്ചകളും ആരംഭിച്ചിരുന്നു. നിലവില്‍ ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് മലാന്‍. 

33കാരനായ മലാന്‍ ഇതുവരെ 16 ടി20 മത്സരങ്ങള്‍ കളിച്ചു. 48.71 ശരാശരിയില്‍ 682 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. ന്യൂസിലന്‍ഡിനെതിരെ നേടിയ 103 റണ്‍സാണ് ടോപ് സ്‌കോര്‍.

Follow Us:
Download App:
  • android
  • ios