Asianet News MalayalamAsianet News Malayalam

ലഡാക്ക് സംഘര്‍ഷത്തിലെ വിവാദ ട്വീറ്റ്; നിരുപാധികം മാപ്പു പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഡോക്ടര്‍

കൊവിഡ് 19നെതിരെ പോരാടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ വിലകുറച്ചുകാണാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും മധു വ്യക്തമാക്കി.

CSK Doctor Tenders Unconditional Apology For Galwan Post
Author
Chennai, First Published Jun 18, 2020, 6:51 PM IST

ചെന്നൈ: ഇന്ത്യ–ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ വിവാദ ട്വീറ്റിട്ടതിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഡോക്ടര്‍ മധു തോട്ടപ്പിള്ളില്‍ നിരുപാധികം മാപ്പു പറഞ്ഞു. ലഡാക്ക് സംഭവത്തില്‍ താന്‍ ചെയ്ത ട്വീറ്റ് അനുചിതമായിരുന്നുവെന്നും ബോധപൂര്‍വമായിരുന്നില്ലെന്നും  മധു തോട്ടപ്പിള്ളില്‍ ട്വീറ്റ് ചെയ്തു. വിവാദ ട്വീറ്റ് താന്‍ ഡിലിറ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനകം സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നുവെന്നും മധു പറഞ്ഞു.

കൊവിഡ് 19നെതിരെ പോരാടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ വിലകുറച്ചുകാണാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നുവെന്നും മധു വ്യക്തമാക്കി. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ബഹുമാനിക്കുന്നുവെന്നും പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ ആദരിക്കുന്നുവെന്നും തന്റെ ട്വീറ്റ് ആയിരക്കണക്കിനാളുകളുടെ വികാരം മുറിപ്പെടുത്തി എന്ന് തിരിച്ചറിയുന്നുവെന്നും മധു പറഞ്ഞു.

പിഎം കെയേഴ്സ് ഫണ്ടിനെ വിമർശിച്ച് ട്വീറ്റിട്ടത് വിവാദമായതിന് പിന്നാലെ ഐപിഎല്ലിന്റെ തുടക്കം മുതല്‍ ടീമിനൊപ്പമുണ്ടായിരുന്ന മധുവിനെ  ടീം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് മധു തോട്ടപ്പിള്ളിലിനെ പുറത്താക്കിയ കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ വ്യക്തമാക്കിയത്.

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു. മധുവിന്റെ വിവാദ ട്വീറ്റ്. ‘ആ ശവപ്പെട്ടികളിൽ പിഎം കെയേഴ്സ് സ്റ്റിക്കറുണ്ടാകുമോ? ഒരു ആകാംക്ഷ’ – എന്നായിരുന്നു ഡോ. മധുവിന്റെ ട്വീറ്റ്. എന്നാൽ, ഇന്നലെ ഉച്ചയോടെയാണ് ടീം ഡോക്ടറുടെ ട്വീറ്റിനെ തള്ളിപ്പറഞ്ഞ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത വിവരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റു ചെയ്തത്.

ഡോ. മധു തോട്ടപ്പിള്ളിലിന്റെ വ്യക്തിപരമായ ട്വീറ്റിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റിന് അറിവുണ്ടായിരുന്നില്ലെന്നും ടീം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ നാൽപതിലേറെ ചൈനീസ് സൈനികർ മരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios