ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിൽ പരിശീലന ക്യാമ്പ് നടത്തും. ഒരു മാസത്തെയെങ്കിലും പരിശീലനം നടത്താനാണ് സിഎസ്‌കെയുടെ ശ്രമം. താരങ്ങള്‍ ആദ്യം ചെന്നൈയിൽ റിപ്പോർട്ട് ചെയ്യാനും തുടർന്ന് ചാർട്ടേർഡ് വിമാനത്തിൽ ദുബായിലേക്ക് തിരിക്കുന്ന രീതിയിലുമാണ് ക്രമീകരണം. 

സീസണില്‍ ആദ്യം തയ്യാറെടുപ്പുകള്‍ തുടങ്ങിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊവിഡ് വ്യാപനത്തിന് മുന്‍പ് മാര്‍ച്ച് രണ്ടിന് സിഎസ്‌കെ ചെന്നൈയില്‍ പരിശീല ക്യാമ്പ് ആരംഭിച്ചിരുന്നു. നായകന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പരിശീലനത്തിനായി അന്ന് ചെന്നൈയില്‍ എത്തി. ധോണിയുടെ പരിശീലനം കാണാന്‍ ചെപ്പോക്കില്‍ ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി ശക്തമായതോടെ ക്യാമ്പ് നിര്‍ത്തിവച്ച് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

യുഎഇയില്‍ സെപ്റ്റംബർ 19നാണ് ഐപിഎല്ലിന് തുടക്കമാവുക. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാണ് അരങ്ങേറുക. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഐപിഎല്‍ പൂരത്തിന് തുടക്കമാവുക. 

ഇന്ന് നിര്‍ണായക യോഗം

ഐപിഎൽ ഭരണസമിതിയുടെ നിർണായക യോഗം ഇന്ന് നടക്കും. സെപ്റ്റംബർ 19ന് യുഎഇയിൽ തുടങ്ങുന്ന ഐപിഎൽ നടത്തിപ്പിനെക്കുറിച്ച് യോഗം അന്തിമ തീരുമാനമെടുക്കും. ടീമുകൾ പാലിക്കേണ്ട ചട്ടങ്ങൾ ബിസിസിഐ തയ്യാറാക്കിയിട്ടുണ്ട്. ടീം ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തിയാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിക്കുക. ടീമിൽ കളിക്കാരുടെ എണ്ണം കുറയ്‌ക്കുക, ഡ്രസിംഗ് റൂം നിർദേശങ്ങൾ എന്നിവയും യോഗത്തിൽ തീരുമാനിക്കും.

'ഇനി നിങ്ങള്‍ പറയുന്നതുപോലെ തന്നെ പറഞ്ഞോളാം', ഐപിഎല്‍ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തണമെന്ന് മ‍‌ഞ്ജരേക്കര്‍

ഐപിഎല്‍: താരങ്ങള്‍ക്ക് നാല് പരിശോധന; കൊവിഡ് ചട്ടങ്ങൾ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍