ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലും ചികില്‍സയിലുമായിരുന്നു ദീപക് ചാഹര്‍

ചെന്നൈ: ഐപിഎല്‍ 2023 സീസണിന് മുമ്പ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സന്തോഷ വാര്‍ത്ത. കഴിഞ്ഞ വര്‍ഷമേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനായി എന്ന് പേസര്‍ ദീപക് ചാഹര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രണ്ട് വലിയ പരിക്കുകളാണ് ദീപക് ചാഹറിന് ഏറ്റത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലായിരുന്നു ദീപക് അവസാനമായി കളിച്ചത്. അന്ന് മൂന്ന് ഓവറുകളേ താരത്തിന് എറിയാന്‍ സാധിച്ചുള്ളൂ. 2022ല്‍ ആകെ15 മത്സരങ്ങളില്‍ മാത്രം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച ചാഹറിന് പരിക്കിനെ തുടര്‍ന്ന് ട്വന്‍റി 20 ലോകകപ്പ് നഷ്‌ടമായിരുന്നു. 

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലും ചികില്‍സയിലുമായിരുന്നു ദീപക് ചാഹര്‍. 'കഴിഞ്ഞ മൂന്ന് മാസക്കാലം ഫിറ്റ്‌നസില്‍ കഠിന പരിശ്രമം നടത്തുകയായിരുന്നു. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. ഐപിഎല്ലിനായി തയ്യാറെടുക്കുക.യാണ്. വലിയ രണ്ട് പരിക്കുകളാണ് സംഭവിച്ചത്. അതിനാല്‍ മാസങ്ങള്‍ നഷ്‌ടമായി. പരിക്ക് കഴിഞ്ഞ് തിരിച്ചെത്തുന്നത് പ്രയാസമാണ്, പ്രത്യേകിച്ച് പേസര്‍മാര്‍ക്ക്. ബാറ്ററായിരുന്നു എങ്കില്‍ ഞാന്‍ നേരത്തെ തന്നെ കളിക്കുമായിരുന്നു. എന്നാല്‍ പേസറായതിനാല്‍ തിരിച്ചുവരവ് വൈകി. നടുവിനേറ്റ പരിക്കുകള്‍ കാരണം മറ്റ് ബൗളര്‍മാര്‍ പ്രയാസപ്പെടുന്നത് നമ്മള്‍ കാണുന്നതാണ്. പന്തും ബാറ്റും കൊണ്ട് 100 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കുകയാണ് എക്കാലവും ലക്ഷ്യം. അവസരങ്ങള്‍ ലഭിക്കാനുള്ള വഴിയും അതാണ്. അല്ലാതെ ആര് കളിക്കുന്നു, ആര് കളിക്കുന്നില്ല എന്നത് അനുസരിച്ചല്ല ടീം സെലക്ഷനിലേക്ക് ഉറ്റുനോക്കുന്നത്' എന്നും ദീപക് ചാഹര്‍ കൂട്ടിച്ചേര്‍ത്തു. 2018ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ചാഹറിന് ഇതുവരെ 13 ഏകദിനങ്ങളും 24 ടി20കളും മാത്രമാണ് കളിക്കാനായത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ. 

ഇന്ത്യക്കെതിരായ ബാറ്റിംഗ് പരാജയം; ഓസീസ് താരങ്ങളെ കടന്നാക്രമിച്ച് ഹസി, പഴി ട്വന്‍റി 20 ക്രിക്കറ്റിന്