മുംബൈ: നിലവിലെ പേസ് നിര ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയെന്ന് ഇതിഹാസ താരം കപില്‍ ദേവിന്‍റെ പ്രശംസ. ഇപ്പോഴത്തെ പേസ് നിര എക്കാലത്തെയും മികച്ച ഇന്ത്യന്‍ സംഘമാണോ എന്ന ചോദ്യത്തിന്, അക്കാര്യം എടുത്തുപറയേണ്ടതുണ്ടോ എന്നായിരുന്നു കപിലിന്‍റെ മറുപടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. 

'ഇതുപോലൊരു പേസ് ആക്രമണം നമ്മള്‍ നേരത്തെ കണ്ടിട്ടില്ല, അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടുമില്ല. സംശയമൊന്നുമില്ലാതെ നമുക്ക് പറയാനാകും. കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്'- ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ പറഞ്ഞു. 

സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തില്‍ മികവ് കാട്ടുന്ന മുഹമ്മദ് ഷമിയുടെ പ്രകടനത്തെയും കപില്‍ദേവ് പ്രശംസിച്ചു. 'ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ 10ല്‍ ഇല്ല എന്നതിന് വലിയ പ്രധാന്യമില്ല. ടീമിനായി എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതാണ് പ്രധാനം. ഷമി ടീമിനായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്'. വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 35 റണ്‍സ് വഴങ്ങി ഷമി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

'ഇന്ത്യ ലോകോത്തര പേസര്‍മാരെ സൃഷ്‌ടിക്കുന്നതില്‍ അഭിമാനമുണ്ട്. അവര്‍ റാങ്കിംഗില്‍ മുന്നിലെത്തുന്നു. ഒട്ടേറെ യുവ താരങ്ങള്‍ക്ക് വളരാന്‍ അവസരം നല്‍കിയത് ഐപിഎല്ലാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. കഴിവ് തെളിയിക്കാന്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നത് പ്രധാനപ്പെട്ടതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി അവസരം ലഭിച്ച രോഹിത് ശര്‍മ്മ തന്നെ അടയാളപ്പെടുത്തി' എന്നും കപില്‍ ദേവ് പറഞ്ഞു.