ന്യൂസിലന്‍ഡിനെതിരെ തോറ്റെങ്കിലും ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു ചരിത്ര നേട്ടത്തിനരികെയാണ്. ഇന്ന് കിവീസിനെതിരെ താരം ഒരു വിക്കറ്റ് നേടിയിരുന്നു. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരത്തെ തേടി അപൂര്‍വ നേട്ടമെത്തും.
ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പിലെ (CWC 2022) രണ്ടാം മത്സരത്തല്‍ ഇന്ത്യ തോല്‍വിയേറ്റുവാങ്ങി. ആതിഥേരായ ന്യൂസിലന്‍ഡിനോട് (New Zealand) 62 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയായിരുന്നത്. ഒന്നാം മത്സരത്തില്‍ ഇന്ത്യ (Team India) അയല്‍ക്കാരായ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
ന്യൂസിലന്‍ഡിനെതിരെ തോറ്റെങ്കിലും ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഒരു ചരിത്ര നേട്ടത്തിനരികെയാണ്. ഇന്ന് കിവീസിനെതിരെ താരം ഒരു വിക്കറ്റ് നേടിയിരുന്നു. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരത്തെ തേടി അപൂര്‍വ നേട്ടമെത്തും. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.
ഗോസ്വാമി കളിക്കുന്ന അഞ്ചാമത്തെ ലോകകപ്പാണ്. നിലവില്‍ 39 വിക്കറ്റ് ഗോസ്വാമിയുടെ അക്കൗണ്ടിലുണ്ട്. ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റോണിനൊപ്പമാണ് ഗോസ്വാമി. ഇക്കാര്യത്തില്‍ കരോള്‍ ഹോഡ്ജസ് (37) രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ തന്നെ ക്ലേര്‍ ടെയ്‌ലര്‍ (36) മൂന്നാമതുണ്ട്. ഓസ്‌ട്രേലിയയുടെ കാതറിന്‍ ഫിറ്റ്‌സ്പാട്രിക് (33) നാലാം സ്ഥാനത്തുണ്ട്.
ഹാമില്‍ട്ടണില്‍ കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 46.4 ഓവറില്‍ 196 റണ്‍സെടുക്കാനാണ് സാധിച്ചത്. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ (Harmnanpreet Kaur) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പൂജ വസ്ത്രകര്‍ നാല് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്മൃതി മന്ഥാന (6) തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. 21 പന്തുകളാണ് താരം നേരിട്ടത്. ഒടുവില്‍ ആറാം ഓവറില്‍ മടങ്ങുകയും ചെയ്തു. ജേസ് കേറിന്റെ പന്തില്‍ സൂസി ബെയ്റ്റ്‌സിന് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ദീപ്തി പത്താം ഓവറിന്റെ അവസാന പന്തില്‍ പവലിയനില്‍ തിരിച്ചെത്തി. ലിയ തഹൂഹിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മിതാലിക്കൊപ്പം (31) പിടിച്ചുനിന്ന യഷ്ടിക ഭാട്ടിയ (28) പിന്നാലെ മടങ്ങി. മിതാലിയെ അമേലിയ പുറത്താക്കിയതോടെ ഇന്ത്യ നാലിന് 97 എന്ന നിലയിലായി.
ശേഷം ക്രീസിലെത്തിയവരില്‍ ആര്‍ക്കും ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാനായില്ല. റിച്ചാ ഘോഷ് (0), സ്‌നേഹ് റാണ (18), പൂജ വസത്രകര്‍ (6), ജുലന്‍ ഗോസ്വാമി (15), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മേഘ്‌ന സിംഗ് (12) പുറത്താവാതെ നിന്നു.
നേരത്തെ, കിവീസിന്റെ തുടക്കവും അത്ര നല്ലതായിരുന്നില്ല. മൂന്നാം ഓവറില്‍ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. സൂസി ബെയ്റ്റ്‌സ് റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന കേര്‍- സോഫി ഡിവൈന്‍ സഖ്യമാണ് ന്യൂസിലന്‍ഡിനെ ഉണര്‍ത്തിയത്. 35 റണ്‍സെടുത്ത ഡിവൈനെ പുറത്താക്കി വസ്ത്രകര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
എന്നാല്‍ കിവീസിന് വലിയ ആശ്വാസമായത് കേര്‍- സാറ്റേര്‍വൈറ്റ് കൂട്ടുകെട്ടാണ്. ഇരുവരും 117 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ കേര്‍ മടങ്ങി. ഗെയ്കവാദിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയവരില്‍ മാഡ്രി ഗ്രീന്‍ (27), കാറ്റി എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഹെയ്‌ലി ജെന്‍സന്‍ (1), തഹുഹു (1), കേര്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി.
