ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് സന്നാഹമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് നെതർലൻഡ്‌‌‌‌സിനെ നേരിടും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഇന്നത്തെ മത്സരത്തിനും കാര്യവട്ടത്ത് മഴ ഭീഷണിയുണ്ട്. ഇന്നലെ ഇവിടെ നടന്ന ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക മത്സരം മഴ തടസപ്പെടുത്തിയിരുന്നു. സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറിലൂടേയും ഇന്ത്യയുടെ കളി തല്‍സമയം കാണാം. 

ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കാര്യവട്ടത്തും മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് രോഹിത് ശർമ്മയും സംഘവും ലോകകപ്പിന് ഒരുങ്ങുന്നത്. നെതർലൻഡ്‌സിനെതിരെ ഇതിന് മുൻപ് കളിച്ച മൂന്ന് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. ഞായറാഴ്ച ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ പതിനാലിനാണ് ഏറ്റവും വാശിയേറിയ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. 

ഇന്നലെ കാര്യവട്ടത്ത് നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ മഴക്കളിക്കൊടുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലൻഡ് ഏഴ് റൺസിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറിൽ ആറ് വിക്കറ്റിന് 321 റൺസെടുത്തു. മഴ കളി തടസപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 37 ഓവറിൽ 217 റൺസാക്കി നിശ്ചയിച്ചു. ക്വിന്‍റണ്‍ ഡി കോക്ക് 89 പന്തിൽ പുറത്താവാതെ 84* റൺസെടുത്തെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് 37 ഓവറിൽ 211 റൺസിൽ എത്താനേ കഴിഞ്ഞുള്ളൂ. ദേവോൺ കോൺവേയുടെയും (78), ടോം ലാഥമിന്‍റേയും (52) അ‌ർധസെഞ്ചുറികളുടെ മികവിലാണ് കിവീസ് നേരത്തെ മികച്ച സ്കോറിൽ എത്തിയത്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

Read more: മിന്നല്‍ സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍! തീപ്പൊരി ഫിനിഷിംഗുമായി റിങ്കു സിംഗ്; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം