'ലോകകപ്പ് അറുബോര്‍', പൂനെയിലും രൂക്ഷ വിമര്‍ശനം; രണ്ട് കിലോമീറ്റര്‍ ക്യൂ, പാര്‍ക്കിംഗില്ല, ഭക്ഷണത്തിന് തീവില!
സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ രണ്ട് കിലോമീറ്റര്‍ ക്യൂ നില്‍ക്കേണ്ടിവന്നു ആരാധകര്‍ക്ക്

പൂനെ: ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തെ ചൊല്ലി പരാതിയൊഴിയുന്നില്ല. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം വേദിയായ ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണാനെത്തിയ ആരാധകര്‍ പരിമിതമായ സൗകര്യങ്ങളില്‍ വലഞ്ഞതായി പരാതിപ്പെട്ടു. സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ രണ്ട് കിലോമീറ്ററിലേറെ നീണ്ട ക്യൂവും വേണ്ടത്ര പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതും ഭക്ഷണത്തിന്‍റെ അമിത വിലയുമെല്ലാം ആരാധകരെ നിരാശരാക്കി.
സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ രണ്ട് കിലോമീറ്റര്‍ ക്യൂ നില്‍ക്കേണ്ടിവന്നു ആരാധകര്‍ക്കെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പറയുന്നു. രണ്ട് മണിക്ക് മത്സരം തുടങ്ങിയിട്ടും രണ്ടരയ്‌ക്കും പല ആരാധകര്‍ക്കും ഗ്യാലറിയിലേക്ക് പ്രവേശിക്കാനായില്ല. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഗേറ്റ് 2 വിഐപികള്‍ക്കും വിവിഐപികള്‍ക്കും സഞ്ചരിക്കാനായി അടച്ചതാണ് ആരാധകര്‍ക്ക് പാരയായത്. ഇതോടെ ഗേറ്റ് മൂന്നില്‍ ആരാധകരുടെ നീണ്ട ക്യൂ പ്രകടമായി. വാഹനങ്ങളുടെ പാര്‍ക്കിംഗായിരുന്നു മറ്റൊരു പ്രശ്‌നം. ടിക്കറ്റെടുത്ത എല്ലാവര്‍ക്കും പാര്‍ക്കിംഗ് ഒരുക്കുമെന്ന് എംസിഎ പറഞ്ഞിരുന്നെങ്കിലും പരിമിതമായ പാര്‍ക്കിംഗ് സൗകര്യമെ സ്റ്റേഡിയത്തിലുണ്ടായിരുന്നുള്ളൂ. ഇതോടെ പലരും പെരുവഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇതിനിടെ പാര്‍ക്കിംഗിന് പൈസ ഈടാക്കി അവസരം മുതലെടുത്തവരുമുണ്ട് എന്ന ആക്ഷേപവും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായി.
സ്റ്റേഡിയത്തിനുള്ളില്‍ മിതമായ നിരക്കില്‍ ഭക്ഷണം ആരാധകര്‍ക്ക് ലഭിക്കും എന്നായിരുന്നു മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ വാഗ്‌ദാനം. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതും ആരാധകരെ ബുദ്ധിമുട്ടിച്ചു. രണ്ട് വടപാവിന് നൂറ് രൂപ, ഒരു കോഫിക്ക് 100 രൂപ, ഒരു ബര്‍ഗറിന് 250 രൂപ എന്നിങ്ങനെയായിരുന്നു വില എന്നും ആരാധകര്‍ ആരോപിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്‍റാകും ഇന്ത്യയിലേത് എന്ന അവകാശവാദങ്ങളെല്ലാം പൊളിയുന്നതായാണ് സ്റ്റേഡിയങ്ങളിലെ കാഴ്‌ചകള്‍ കാണിക്കുന്നത്.
Read more: രണ്ട് പതിറ്റാണ്ടിന്‍റെ കടം കിടക്കുന്നു; കിവീസിനെതിരെ ഇന്ത്യക്ക് ജയം എളുപ്പമല്ലെന്ന് കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം