'അംപയർക്കെന്താ കണ്ണ് കാണുന്നില്ലേ'; വൈഡ് വിളിക്കാതെ കോലിയെ സെഞ്ചുറി അടിപ്പിച്ചെന്ന് വിമർശനം
അംപയർ റിച്ചാര്‍ഡ് കെറ്റിൽബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്

പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തോടെ ടീം ഇന്ത്യ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കിയിരുന്നു. വിരാട് കോലിയുടെ സെഞ്ചുറിയുടെ കരുത്തിൽ ഏഴ് വിക്കറ്റിന് നീലപ്പട ബംഗ്ലാ കടുവകളെ തോൽപിക്കുകയായിരുന്നു. ബംഗ്ലാദേശിന്‍റെ 256 റൺസ് 51 പന്ത് ശേഷിക്കേ ഇന്ത്യ മറികടന്നു. സെഞ്ചുറിയുമായി വിരാട് കോലി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിവാദത്തോടെയാണ് മത്സരത്തിന് പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണത്. അംപയർ റിച്ചാര്‍ഡ് കെറ്റിൽബെറോയുടെ ഒരു തീരുമാനമാണ് വിവാദത്തിന് വഴിതുറന്നത്. കെറ്റിൽബെറോ എന്തുകൊണ്ട് വൈഡ് വിളിച്ചില്ല എന്ന കാര്യത്തില്‍ ഐസിസിയുടെ വിശദീകരണമൊന്നും വന്നിട്ടില്ല.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 42-ാം ഓവറില്‍ നാസുന്‍ അഹമ്മദ് പന്തെറിയാനെത്തുമ്പോള്‍ വ്യക്തിഗത സ്കോര്‍ 97ല്‍ നില്‍ക്കുകയായിരുന്നു വിരാട് കോലി. ടീം ഇന്ത്യക്ക് ഈസമയം ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സും. ബൗണ്ടറി നേടിയാലല്ലാതെ കോലിക്ക് സെഞ്ചുറി തികയ്‌ക്കാനാകുമായിരുന്നില്ല. നാസുമിന്‍റെ ആദ്യ ആദ്യ പന്തില്‍ കോലിക്ക് റണ്‍സൊന്നും നേടാനായില്ല. ഇതിന് പിന്നാലെയാണ് പൂനെ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങളുണ്ടായത്. രണ്ടാം പന്ത് ലെഗ് സ്റ്റംപിന് പുറത്തുകൂടെ പോയെങ്കിലും അംപയര്‍ വൈഡ് വിളിക്കാതിരുന്നത് ഏവരെയും ഞെട്ടിച്ചു. ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ ഇത് കൂട്ടച്ചിരിയാണ് പടര്‍ത്തിയത് എങ്കില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അംപയർ റിച്ചാര്‍ഡ് കെറ്റിൽബെറോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 'അംപയര്‍ക്ക് കണ്ണ് കാണുന്നില്ലേ, വിരാടിനെ മനപ്പൂര്‍വം സെഞ്ചുറിയടിക്കാന്‍ അനുവദിക്കുകയായിരുന്നോ അംപയര്‍ ചെയ്‌തത്' എന്നിങ്ങനെ ഒരു വിഭാഗം ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തൊട്ടടുത്ത പന്ത് സിക്‌സര്‍ പറത്തി ഇന്ത്യക്ക് ജയം സമ്മാനിച്ച വിരാട് കോലി തന്‍റെ 48-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് കെറ്റിൽബെറോ വൈഡ് വിളിക്കാതിരുന്നത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.
ആരാധകരുടെ പ്രതികരണങ്ങള്‍
മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപിക്കുകയായിരുന്നു. ബംഗ്ലാദേശിന്‍റെ 256 റൺസ് 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി രോഹിത് ശര്‍മ്മയും സംഘവും മറികടന്നു. 97 പന്തിൽ ആറ് ഫോറും നാല് സിക്സുമുൾപ്പടെ കോലി 103* റണ്‍സുമായി പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മ (48), ശുഭ്‌മാന്‍ ഗില്‍ (53), ശ്രേയസ് അയ്യര്‍ (19), കെ എല്‍ രാഹുല്‍ (34*) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. നേരത്തെ രണ്ട് വിക്കറ്റ് വീതവുമായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുമായി ഷര്‍ദ്ദുല്‍ താക്കൂറും കുല്‍ദീപ് യാദവുമാണ് മികച്ച തുടക്കം കിട്ടിയ ബംഗ്ലാദേശിനെ 50 ഓവറില്‍ 256-8 എന്ന സ്കോറില്‍ ഒതുക്കിയത്.