ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 11-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു രാധായുടെ ആദ്യ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) ക്രിക്കറ്റില്‍ ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിയക്കെതിരെ(India Women vs Australia Women Final) പരാജയം രുചിച്ചെങ്കിലും എക്കാലവും ഓര്‍ത്തിരിക്കാനുള്ള പ്രകടനം ഫീല്‍ഡിംഗില്‍ കാഴ്‌ചവെച്ചാണ് രാധാ യാദവ്(Radha Yadav) മടങ്ങുന്നത്. എഡ്‌ജ്‌ബാസ്റ്റണില്‍ പറക്കും ക്യാച്ചും അവിശ്വസനീയ റണ്ണൗട്ടുമായി ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ താരം. 

ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 11-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു രാധായുടെ ആദ്യ ഫീല്‍ഡിംഗ് മാസ്റ്റര്‍ ക്ലാസ്. രാധായുടെ പന്തില്‍ ബേത്ത് മൂണി സ്‌ട്രൈറ്റ് കളിച്ചപ്പോള്‍ സിംഗിളെടുക്കാനുള്ള വെഗ്രതയിലായിരുന്നു ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. പന്ത് കൈക്കലാക്കിയ രാധാ യാദവ് അണ്ടര്‍-ആം ത്രോയിലൂടെ ബെയ്‌ല്‍സ് തെറിപ്പിച്ചു. ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തില്‍ ലാന്നിംഗ് ക്രീസിന് പുറത്തായിരുന്നു ഈസമയം. 26 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതം 36 റണ്‍സെടുത്തായിരുന്നു മെഗ് ലാന്നിംഗിന്‍റെ മടക്കം. 

Scroll to load tweet…

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ രാധാ യാദവിന്‍റെ മറ്റൊരു വിസ്‌മയ ഫീല്‍ഡിംഗ് പ്രകടനവും എഡ്‌ജ്ബാസ്റ്റണിലെ കാണികള്‍ നേരില്‍ക്കണ്ടു. ദീപ്‌തി ശര്‍മ്മയുടെ പന്തില്‍ കട്ട് ഷോട്ടിന് ശ്രമിച്ച താലിയ മക്ഗ്രാത്തിനെ ബാക്ക്‌വേഡ് പോയിന്‍റില്‍ രാധാ യാദവ് മുഴുനീള ഡൈവിംഗിലൂടെ പറന്നുപിടിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് പ്രകടനങ്ങളില്‍ ഇടംപിടിക്കുന്നതായി ഇതുരണ്ടും. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താലിയ നേടിയത്. 

Scroll to load tweet…

ഫൈനലില്‍ ഓസ്ട്രേലിയ ഒൻപത് റൺസിന് ഇന്ത്യയെ തോൽപിച്ചു. ഓസീസിന്‍റെ 161 റൺസ് പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ പോരാട്ടത്തിനിടയിലും 152 റൺസിന് പുറത്താവുകയായിരുന്നു. 65 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ടോപ് സ്കോറർ. രണ്ടിന് 118 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ഷെഫാലി വർമ്മ 11ഉം സ്മൃതി മന്ദാന ആറും ജമീമ റോഡ്രിഗസ് 33ഉം റൺസിന് പുറത്തായി. 61റൺസെടുത്ത ബേത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചിരുന്നു. 

പൊരുതി തോറ്റാൽ അങ്ങ് പോകട്ടേന്നേ..! സ്വർണത്തിനൊപ്പം തിളക്കമുള്ള വെള്ളിയുമായി ഇന്ത്യ, കരുത്തായി ഹർമൻപ്രീത്