തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മക്ഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാം കാറ്റില്‍ പറത്തി വൈറസ് ബാധിതയായ ഒരു താരത്തെ കളിക്കാന്‍ അനുവദിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകാന്‍ വഴിയൊരുക്കിയതും വിവാദത്തില്‍. ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍(INDW vs AUSW Final) ഓസ്ട്രേലിയന്‍ താരമായ താലിയ മക്ഗ്രാത്തിനെയാണ്(Tahlia McGrath) രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളത്തിലിറക്കിയത്. ഐസിസിയും ഗെയിംസ് അധികൃതരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 

തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മക്ഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു. പിന്നാലെ ഫീല്‍ഡിംഗിലും താലിയ പങ്കെടുത്തത് അമ്പരപ്പിച്ചു. അക്ഷരാര്‍ത്ഥത്തിൽ ഇരട്ടനീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായത്. ഇന്ത്യയുടെ പി വി സിന്ധു ഇംഗ്ലണ്ടിലെത്തിയപ്പോള്‍ 10 ദിവസത്തേക്ക് കൊവിഡ് ബാധിതയെന്ന് സംശയിച്ച് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. സിന്ധു കൊവിഡ് രോഗിയേ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ താലിയ മക്ഗ്രാത്ത് കൊവിഡ് പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ച ശേഷവും ഗെയിംസ് അധികൃതര്‍ അവരെ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്‌തു. 

കൊവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നൊവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് നാട്ടിലേക്ക് തിരിച്ചയച്ച ഓസ്ട്രേലിയക്കാര്‍ തന്നെയാണ് കൊവിഡ് രോഗിയായ കളിക്കാരിയെ മത്സരിപ്പിക്കാന്‍ അപേക്ഷിച്ച് കാര്യം നേടിയെടുത്തത് എന്ന് ഓര്‍മ്മിക്കുമ്പോഴാണ് ഇരട്ടത്താപ്പ് പുറത്തുവരുന്നത്.

വിവാദങ്ങള്‍ക്കിടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ തോൽപിച്ച് കിരീടം ചൂടി. ഓസീസിന്‍റെ 161 റൺസ് പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ പോരാട്ടത്തിനിടയിലും 152 റൺസിന് പുറത്താവുകയായിരുന്നു. 65 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 118-2 എന്ന നിലയിൽ നിന്ന് ഇന്ത്യ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ഷെഫാലി വർമ്മ 11ഉം സ്മൃതി മന്ദാന ആറും ജമീമ റോഡ്രിഗസ് 33ഉം റൺസെടുത്ത് മടങ്ങി. 61റൺസെടുത്ത ബേത്ത് മൂണിയാണ് ഓസീസിന്‍റെ ടോപ് സ്കോറർ. ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചിരുന്നു. 

CWG 2022 : പറക്കും രാധാ! ഫൈനലില്‍ എക്കാലത്തെയും മികച്ച ക്യാച്ചും റണ്ണൗട്ടും- വീഡിയോ