രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് ഡെയ്ല്‍ സ്റ്റെയ്ന്‍

പേള്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റിന് പിന്നാലെ ഏകദിന നായകനായും തോല്‍വിയോടെയാണ് കെ എല്‍ രാഹുലിന്‍റെ തുടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ (South Africa vs India, 1st ODI) 31 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ (Team India) നേരിട്ടത്. മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുലിന്‍റെ (KL Rahul) ക്യാപ്റ്റന്‍സിയെ കുറിച്ച് നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ (Dale Steyn). 

പിഴച്ചത് രാഹുലിനോ? 

'ക്യാപ്റ്റന്‍സിയില്‍ കെ എല്‍ രാഹുല്‍ എന്തെങ്കിലും തെറ്റ് വരുത്തിയതായി തോന്നുന്നില്ല. അദേഹത്തിന് നല്ല ദിവസമായിരുന്നു. എന്നാല്‍ ചെറിയ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. ആസൂത്രണത്തിലെ ചില കാര്യങ്ങളാണ് ഇന്ത്യയും പ്രോട്ടീസും തമ്മിലുള്ള വ്യത്യാസം. കെ എല്‍ രാഹുല്‍ മെച്ചപ്പെടുത്തേണ്ടത് ചെറിയ കാര്യങ്ങളാണ്' എന്നും സ്റ്റെയ്ന്‍ മത്സര ശേഷം ക്രിക്കറ്റ് ഷോയില്‍ പറഞ്ഞു. 

ക്യാപ്റ്റനായി ഒരുങ്ങാന്‍ അധികസമയം രാഹുലിന് ലഭിച്ചിട്ടില്ല എന്ന് സ്റ്റെയ്ന്‍ ഓർമ്മിപ്പിക്കുന്നു. 'ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ ആദ്യ മത്സരമാണിത് എന്ന് രാഹുല്‍ തിരിച്ചറിയണം. അധികം വൈറ്റ് ബോള്‍ മത്സരങ്ങള്‍ താരങ്ങള്‍ കളിച്ചിട്ടില്ല. കുറച്ചായി മത്സരങ്ങള്‍ കളിക്കാത്ത താരങ്ങളുമുണ്ട്. അതിന്‍റേതായ ചെറിയ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ടീം മെച്ചപ്പെടാന്‍ പോവുകയാണ്. എല്ലാക്കാര്യങ്ങളും ശരിയാക്കാന്‍ 24 മണിക്കൂർ സമയം മാത്രമാണ് രാഹുലിന് കിട്ടിയത്. അതിനാല്‍ ഇന്ത്യക്കിത് നല്ല ദിനമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ടീം ഇന്ത്യ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്'- സ്റ്റെയ്ന്‍ കൂട്ടിച്ചേർത്തു.

സമ്പൂർണം ദക്ഷിണാഫ്രിക്ക

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. നായകന്‍ തെംബാ ബാവൂമയും (143 പന്തില്‍ 110), വാന്‍ ഡെര്‍ ഡസനും(96 പന്തില്‍ 129) സെഞ്ചുറി നേടി. മറുപടിയായി ഇന്ത്യക്ക് 8 വിക്കറ്റിന് 265 റൺസേ നേടാനായുള്ളൂ. 79 റൺസുമായി ശിഖര്‍ ധവാനും 51 റൺസെടുത്ത വിരാട് കോലിയും തിളങ്ങിയെങ്കിലും മധ്യനിരയുടെ പരാജയം തോല്‍വിയിലേക്ക് തള്ളിയിട്ടു. വാലറ്റത്ത് പുറത്താകാതെ 50 റണ്‍സെടുത്ത ഷർദ്ദുല്‍ ഠാക്കൂർ ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. 

SA vs IND : പാളി കെ എല്‍ രാഹുലിന്‍റെ തന്ത്രങ്ങള്‍, ഇങ്ങനെ പോയാല്‍ ശരിയാവില്ല; കുറ്റപ്പെടുത്തി ഗൗതം ഗംഭീർ