Asianet News MalayalamAsianet News Malayalam

IPL 2022 : 'ചില സമയത്ത് അവന്‍ മത്സരത്തിലേ ഉണ്ടാവില്ല..'; സഞ്ജുവിനെതിരെ വിമര്‍ശനവുമായി ഡാനിയേല്‍ വെട്ടോറി

നേരത്തെ, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പും സഞ്ജുവിന്റെ ശൈലിയെ കുറിച്ച് സംസാരിച്ചിരുന്നുന്നു. ഞാന്‍ സഞ്ജുവിന്റെ ആരാധകരാണെന്നാണ് ബിഷപ് പറഞ്ഞത്. പക്ഷേ, അവസരം മുതലാക്കുന്നില്ലെന്നും ബിഷപ് നിരീക്ഷിച്ചു.

daniel vettori on sanju samson and his problems in ipl 2022
Author
Pune Railway Station, First Published Apr 27, 2022, 6:45 PM IST

പൂനെ: രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) നായകനായി തിളങ്ങുന്നുവെങ്കിലും ബാറ്റിംഗില്‍ വലിയ സംഭാവന നല്‍കാന്‍ സഞ്ജു സാംസണ് (Sanju Samson) സാധിച്ചിട്ടില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55, മുംബൈ ഇന്ത്യന്‍സിനെതിരെ 30, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 38, ഡല്‍ഹി കാപിറ്റല്‍സിനെതിരെ 46 ഇതൊക്കെയാണ് സഞ്ജുവിന്റെ പ്രധാന സംഭാവനകള്‍. മികച്ച തുടക്കം കിട്ടിയിട്ടും പലപ്പോഴും വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നുള്ളതാണ് പ്രധാന പരാതി.

മുന്‍ ന്യൂസിലന്‍ഡ്, ആര്‍സിബി ക്യാപ്റ്റനുമൊക്കെയായ ഡാനിയേല്‍ വെട്ടോറിക്കും (Daniel Vettori) ഇതേ പരാതിയുണ്ട്. സഞ്ജു മത്സരരത്തെ അനായാസമായി കാണുന്നതാണ് പ്രധാന പ്രശ്‌നമെന്നാണ് വെട്ടോറി പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''സഞ്ജു എല്ലാം അനായാസമായെടുത്തുവെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടുതന്നെ എല്ലാ ഷോട്ടുകളും സഞ്്ജു കളിക്കാന്‍ ശ്രമിച്ചു. കോപ്പിബുക്കിലെ എല്ലാ ഷോട്ടുകളും തനിക്ക് കഴിയുമെന്നുള്ള ചിന്ത സഞ്ജുവിന്റെ മനസിലുണ്ടായെന്ന് എനിക്ക് തോന്നുന്നു. നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ ബാറ്റിംഗ് കാണാന്‍ മനോഹരമാണ്. എന്നാല്‍ ചിലപ്പോഴെല്ലാം അനായാസമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചില സമയം സഞ്ജു മത്സരത്തില്‍ തന്നെ ഇല്ലെന്ന് തോന്നിപോവും. അത്തരം സാഹചര്യങ്ങളിലാണ് അവന്‍ പുറത്താവുന്നത്.'' വെട്ടോറി പറഞ്ഞു.

നേരത്തെ, വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പും സഞ്ജുവിന്റെ ശൈലിയെ കുറിച്ച് സംസാരിച്ചിരുന്നുന്നു. ഞാന്‍ സഞ്ജുവിന്റെ ആരാധകരാണെന്നാണ് ബിഷപ് പറഞ്ഞത്. പക്ഷേ, അവസരം മുതലാക്കുന്നില്ലെന്നും ബിഷപ് നിരീക്ഷിച്ചു. ''സഞ്ജു ഫോം ഔട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. വാനിന്ദു ഹസരങ്കയ്‌ക്കെതിരെ കൡച്ച അശ്രദ്ധമായ ഷോട്ടാണ് സഞ്ജുവിന്റെ വിക്കറ്റ് കളഞ്ഞത്. സഞ്ജു ഹസരങ്കയുടെ പന്തുകളെ കുറിച്ച് മനസിലാക്കണമായിരുന്നു. ഞാനൊരു സഞ്ജു ആരാധകനാണ്. എന്നാല്‍ അവന്‍ മോശം ഷോട്ടുകള്‍ തിരഞ്ഞെടുത്ത് വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്യുന്നത്.'' ബിഷപ് വ്യക്തമാക്കി.

സഞ്ജു തന്റെ കഴിവ് പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്നും ബിഷപ് പറയുന്നത്. മുന്‍ വിന്‍ഡീസ് പേസറുടെ വാക്കുകള്‍... ''സഞ്ജു മികച്ച ഫോമിലാണ്. എന്നാല്‍ ആ ഫോം പാഴാക്കുകയാണ് അവന്‍ ചെയ്യുന്നത്. മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാവാനുള്ള കരുത്തുണ്ട്. മികച്ച പ്രകടനത്തോടെ ദേശീയ സെലക്റ്റര്‍മാരെ സമ്മര്‍ദ്ദം ചെലുത്താന്‍ രാജസ്ഥാന്‍ ക്യാപ്റ്റന് സാധിക്കും. എന്നാല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിംഗ്‌സൊന്നും സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടാവുന്നില്ല.'' ബിഷപ് വിശദീകരിച്ചു.

സഞ്ജുവിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നെങ്കിലും ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 115ന് പുറത്താവുകയായിരുന്നു. 29 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് നേടി ആര്‍ അശ്വിന്‍ എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്.
 

Follow Us:
Download App:
  • android
  • ios