ആശിഷ് നെഹ്‌റ കോച്ചായതിനാലാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഏറെ നേട്ടങ്ങളുണ്ടാക്കിയത് എന്ന് ഡാനിഷ് കനേറിയ
ഗയാന: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് വലിയ വിമര്‍ശനമാണ് രാഹുല്‍ ദ്രാവിഡ് നേരിടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലും എ ടീമിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്നപ്പോഴുള്ള മികവിലേക്ക് സീനിയര്‍ ടീം പരിശീലകനായി എത്തിയപ്പോള്‍ ദ്രാവിഡിന് ശോഭിക്കാനായില്ല എന്ന വിമര്‍ശനം ശക്തമാണ്. കരുത്തരല്ലാത്ത വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ രണ്ട് ട്വന്‍റി 20കളും തോറ്റതോടെ വിമര്‍ശനം കടുത്തു. മാത്രമല്ല, കരീബിയന്‍ ടീമിനോട് പരമ്പര കൈവിടേണ്ടിവന്നാല്‍ ദ്രാവിഡിന്‍റെ കസേര അപകടത്തിലാവുന്ന സ്ഥിതിയാണ്. ഇതേ സാഹചര്യമാണ് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേറിയ മുന്നില്‍ കാണുന്നത്.
'എന്താണ് ഈ ഇന്ത്യന്‍ ടീം തീവ്രത കാണിക്കാത്തത്. ആശിഷ് നെഹ്‌റ കോച്ചായതിനാലാണ് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഏറെ നേട്ടങ്ങളുണ്ടാക്കിയത്. ട്വന്‍റി 20യില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ആക്രമണോത്സുകത കാണിക്കണം. രാഹുല്‍ ദ്രാവിഡ് ലോകോത്തര താരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ടി20 കോച്ചാവാന്‍ ദ്രാവിഡ് യോഗ്യനല്ല. ദ്രാവിഡ് തണുപ്പനാണ്. എന്നാല്‍ ആശിഷ് നെഹ്‌റയെ നോക്കുക, താരങ്ങള്‍ക്ക് എപ്പോഴും ഫീല്‍ഡില്‍ അയാള്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഇന്ത്യന്‍ ടി20 പരിശീലകനായി നെഹ്‌റയ്‌ക്ക് അവസരം നല്‍കണമെന്നാണ് തോന്നുന്നത്' എന്നും ഡാനിഷ് കനേറിയ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് ഫൈനലുകളിലേക്ക് എത്തിച്ച ആശിഷ് നെഹ്‌റ ഒരു കിരീടം സമ്മാനിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 2016ന് ശേഷം ആദ്യമായി തുടര്‍ച്ചയായി രണ്ട് ട്വന്‍റി 20കള്‍ പരാജയപ്പെട്ട് നാണംകെട്ട് നില്‍ക്കുകയാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20ക്ക് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്നിറങ്ങും. ഇന്ന് തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നാല് റണ്ണിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് പരാജയമറിഞ്ഞത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.
Read more: പാഡഴിച്ചിട്ട് അഞ്ച് ദിവസം; മനോജ് തിവാരി വിരമിക്കല്‍ അപ്രതീക്ഷിതമായി പിന്‍വലിക്കുന്നു
