കരിയറില്‍ 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മനോജ് തിവാരി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് 92 റണ്‍സ് മാത്രം അകലെയാണ്
കൊല്‍ക്കത്ത: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ബംഗാള്‍ ബാറ്റര്‍ മനോജ് തിവാരി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തിവാരിയുടെ പുതിയ തീരുമാനം. ടീം ഇന്ത്യക്കായും കളിച്ചിട്ടുള്ള താരം ഏറെക്കാലമായി ബംഗാള്‍ ടീമിന്‍റെ ബാറ്റിംഗ് നെടുംതൂണായിരുന്നു.
ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി ഓഗസ്റ്റ് മൂന്നാം തിയതിയാണ് മനോജ് തിവാരി അറിയിച്ചത്. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വീണ്ടും കളിക്കാന്‍ ക്ഷണിച്ചതോടെ വിരമിക്കല്‍ തീരുമാനം തിരുത്തുകയാണ് മനോജ് തിവാരി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്നേഹാശിശ് ഗാംഗുലിയാണ് തിവാരിയുമായുള്ള ചര്‍ച്ചയ്‌ക്ക് മുന്‍കൈയെടുത്തത്. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നതായി തിവാരി എന്ന് വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചേക്കും. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മനോജ് തിവാരിയുടെ ക്യാപ്റ്റന്‍സിയില്‍ ബംഗാള്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. തിവാരിയില്ലാത്തത് മധ്യനിരയില്‍ വലിയ ശൂന്യത സൃഷ്‌ടിക്കും എന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ വിലയിരുത്തല്‍. തന്‍റെ വിരമിക്കല്‍ തീരുമാനം ഓഗസ്റ്റ് മൂന്നാം തിയതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വലിയ കുറിപ്പിലൂടെയാണ് തിവാരി ആരാധകരെ അറിയിച്ചത്.
കരിയറില്‍ 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മനോജ് തിവാരി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് 92 റണ്‍സ് മാത്രം അകലെയാണ്. 29 സെഞ്ചുറികളും 45 അര്‍ധസെഞ്ചുറികളും പേരിലുണ്ട്. ഇടക്കാലത്ത് ടീം ഇന്ത്യക്കായി ഏകദിനത്തിലും ട്വന്‍റി 20യിലും താരം കളിച്ചിരുന്നു. മുപ്പത്തിയെഴുകാരനായ തിവാരി 12 ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയോടെ 287 റണ്‍സും 3 രാജ്യാന്തര ടി20കളില്‍ 15 റണ്‍സും നേടി. ഐപിഎല്ലില്‍ 98 മത്സരങ്ങളില്‍ 1695 റണ്‍സും മനോജ് തിവാരിക്ക് ഉണ്ട്.
Read more: എന്തുകൊണ്ട് ട്വന്‍റി 20 കളിക്കുന്നില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ