ജമൈക്ക:ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് ടീം അംഗങ്ങള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡാരന്‍ സമി. സണ്‍റൈസേഴ്സിലെ ഒരു സഹതാരം തന്നെ വിളിച്ചിരുന്നുവെന്നും അന്ന് കാലു എന്ന് വിളിച്ചത് സ്നേഹത്തോടെയായിരുന്നുവെന്ന അയാളുടെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു.

എന്റെ മുന്‍ ടീം അംഗം എന്നെ വിളിച്ച് രസകരമായി സംസാരിച്ചു എന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ വിളിച്ച സഹോദരന്‍ എന്നോട് പറഞ്ഞത്, അന്ന് എന്നെ അങ്ങനെ വിളിച്ചത് സ്നേഹത്തോടെയായിരുന്നു എന്നാണ്. അയാളുടെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. സംഭവിച്ച  മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ ഇതിനെക്കുറിച്ച് ആളുകളെ എങ്ങനെ കൂടുതല്‍ നന്നായി ബോധവല്‍ക്കരിക്കാമെന്നാണ് ഞങ്ങളിപ്പോള്‍ ആലോചിക്കുന്നത്-സമി പറഞ്ഞു.

ആരാണ് തന്നെ വിളിച്ച് സംസാരിച്ചതെന്ന് സമി വ്യക്തമാക്കിയിട്ടില്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു.


അന്ന് അങ്ങനെ വിളിച്ചവര്‍ തന്നെ വിളിച്ച് സംസാരിക്കണമെന്നും ഇല്ലെങ്കില്‍ ആരൊക്കെയാണ് അങ്ങനെ വിളിച്ച് അധിക്ഷേപിച്ചതെന്ന് പരസ്യമാക്കുമെന്നും സമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ ഹാസ്യതാരമായ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് കാലു എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തനിക്ക് മനസിലായതെന്നും അര്‍ത്ഥമറിഞ്ഞപ്പോള്‍ ശരിക്കും ദേഷ്യം വന്നുവെന്നും സമി പറഞ്ഞിരുന്നു.

അന്ന് എന്നെ അങ്ങനെ വിളിച്ചവര്‍ക്ക് അറിയാമല്ലോ, അതാരൊക്കെയാണെന്ന്. അതുകൊണ്ട്, അവരെല്ലാം എന്നെ വിളിക്കുക. നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. മോശമായ അര്‍ത്ഥത്തിലാണ് നിങ്ങളെന്നെ ആ പേര് വിളിച്ചിരുന്നതെങ്കില്‍ ഞാന്‍ നിരാശനാകും. എനിക്ക് ദേഷ്യം വരും. നിങ്ങളെന്നോട് മാപ്പ് പറയേണ്ടിവരും. അതുകൊണ്ട് എന്നോട് സംസാരിക്കു, എല്ലാം പറഞ്ഞു തീര്‍ക്കൂ എന്നും സമി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

2014 നവംബറില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഇഷാന്ത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സമിക്കൊപ്പമുള്ള ചിത്രത്തില്‍ അടിക്കുറിപ്പില്‍ ഞാനും ഭുവിയും കാലുവും, ഗണ്‍ റൈസേഴ്സ് എന്ന് അടിക്കുറിപ്പ് നല്‍കിയിരുന്നു.