കാലു എന്നു പറഞ്ഞാല്‍ കരുത്തുറ്റവനെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീടാണ് ആ വാക്കിന്റെ ശരിക്കുള്ള മനസിലായതെന്നും സമി

ജമൈക്ക: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ അധിക്ഷേപം നേരിട്ടുവെന്ന് മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചു.

കാലു എന്നു പറഞ്ഞാല്‍ കരുത്തുറ്റവനെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ പിന്നീടാണ് ആ വാക്കിന്റെ ശരിക്കുള്ള മനസിലായതെന്നും സമി പറഞ്ഞു. തന്റെ മുന്‍ പോസ്റ്റില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്നും തനിക്കതില്‍ ദേഷ്യമുണ്ടെന്നും സമി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ മരിച്ചതിന് പിന്നാലെ കായികരംഗത്തെ നിരവധിപേര്‍ തങ്ങള്‍ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. സമിയുടെ സഹതാരമായ ക്രിസ് ഗെയ്‌ലും തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.

Also Read: ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ടെന്ന് ക്രിസ് ഗെയ്ല്‍

ജോര്‍ജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തില്‍ പ്രതികരണങ്ങള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് ലോകം മുഴുവന്‍ പടരുന്നതാണെന്നും സമി നേരത്തെ വ്യക്തമാക്കിയിരുന്നു. വിവേചനത്തിനെതിരെ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തുവരണമെന്നും സമി ആവശ്യപ്പെട്ടിരുന്നു.