Asianet News MalayalamAsianet News Malayalam

ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ടെന്ന് ക്രിസ് ഗെയ്ല്‍

ലോകത്തിന്റെ എല്ലായിടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് വിശ്വസിക്കൂ,...കറുത്തവനായതിന്റെ പേരില്‍ എല്ലായിടത്തുനിന്നും എനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. പട്ടിക എടുത്താല്‍ അത് ഏറെ നീണ്ടതാണ്.

Racism is in cricket too says Chris Gayle
Author
Jamaica, First Published Jun 1, 2020, 11:28 PM IST

ജമൈക്ക: ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. അമേരിക്കയിലെ മിനിയപോളിസില്‍ പൊലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരാനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി തേടി കായികലോകം ഒന്നടങ്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഗെയ്‌ലിന്റെ പ്രതികരണം.

വംശീയതയുടെ വിത്തുകള്‍ ക്രിക്കറ്റിലുമുണ്ട്. ടീമിനകത്തും ലോകത്തിന്റെ മറ്റ് ഇടങ്ങളിലും വംശീയ അധിക്ഷേപത്തിന് ഞാനും ഇരയായിട്ടുണ്ട്. മറ്റുള്ളവരുടെ ജീവിതം പോലെ തന്നെ കറുത്തവന്റെ ജീവതവും പ്രധാനപ്പെട്ടതാണ്. കറുത്തവര്‍ഗക്കാരെ വിഡ്ഢികളായി കാണുന്നത് നിര്‍ത്തണം. കറുത്തവരായ നമ്മള്‍ തന്നെ നമ്മളെ താഴ്ത്തി കെട്ടരുത്.

ലോകത്തിന്റെ എല്ലായിടത്തും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് വിശ്വസിക്കൂ,...കറുത്തവനായതിന്റെ പേരില്‍ എല്ലായിടത്തുനിന്നും എനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. പട്ടിക എടുത്താല്‍ അത് ഏറെ നീണ്ടതാണ്. ഫുട്ബോളില്‍ മാത്രമല്ല, വംശീയ അധിക്ഷേപം നിലനില്‍ക്കുന്നത്, ക്രിക്കറ്റിലും അതുണ്ട്.

എന്തിന് സ്വന്തം ടീമിനകത്തുനിന്നുപോലും കറുത്തവനായതിന്റെ പേരില്‍ ഞാന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കറുപ്പ് കരുത്തിന്റെ നിറമാണ്. അഭിമാനത്തിന്റെ നിറമാണ്-ഗെയ്ല്‍ കുറിച്ചു.

Racism is in cricket too says Chris Gayle
കഴിഞ്ഞ തിങ്കളാഴ്ചയാണ് അമേരിക്കയിലെ തെക്കന്‍ മിനിയാപോളീസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡ് പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടത്. വ്യാജനോട്ട് കൈവശം വെച്ചുവെന്ന് ആരോപിച്ച് പൊലീസ് ഫ്ലോയ്ഡിനെ കസ്റ്റഡിയില്‍ എടുക്കുകയും വെളുത്ത വര്‍ഗക്കാരനായ മിനസോട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍ ഫ്ലോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ട് കാല്‍മുട്ടുകള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയായിരുന്നു. പൊലിസ് ഉദ്യോഗസ്ഥന്റെ കാലുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ് ഫ്ലോയ്ജ് മരിച്ചത്.

എട്ടു മിനിറ്റും 46 സെക്കന്‍ഡും പൊലീസ് കാല്‍മുട്ടുകൊണ്ട് ഫ്ലോയ്ഡിനെ അമര്‍ത്തിപ്പിടിച്ചുവെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്ലോയ്ഡിന്റെ അവസാന വാക്കുകള്‍ മുദ്രാവാക്യമാക്കി അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ ഫുട്ബോള്‍ ലോകവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വംശീയ അധിക്ഷേപത്തിന്റെ കഥകള്‍ തുറന്നുപറഞ്ഞ് ഗെയ്ല്‍ രംഗത്തുവന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios