Asianet News MalayalamAsianet News Malayalam

വംശീയാധിക്ഷേപം; സമിയോട് മാപ്പു പറയണമെന്ന് സ്വര ഭാസ്കര്‍; തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സമി

എന്നാല്‍ തന്റെ നിലപാടിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സ്വര ഭാസ്കറിന് നല്‍കിയ മറുപടിയില്‍ സമി വ്യക്തമാക്കി. ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുത്.

Darren Sammy replies to Swara Bhaskars SaySorryToDarren tweet
Author
Mumbai, First Published Jun 12, 2020, 8:29 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുമ്പോള്‍ സഹതാരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന  വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. സഹതാരങ്ങള്‍ സ്നേഹത്തോടെയാണ് തന്നെ 'കാലു' എന്ന് വിളിച്ചിരുന്നതെന്ന് പറഞ്ഞുവെന്നും ടീം അംഗങ്ങളില്‍ ഒരാള്‍ തന്നെ വിളിച്ച് അന്ന് അങ്ങനെ വിളിച്ചതില്‍  മാപ്പുപറഞ്ഞുവെന്നും സമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സമിയുടെ ഈ പ്രതികരണത്തിന് മറുപടിയുമായാണ് സ്വര ഭാസ്കര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. പ്രിയപ്പെട്ട ഡാരന്‍ സമി, ആരെങ്കിലുമൊരാള്‍ ഒരു കറുത്തവര്‍ഗക്കാരനെ 'N' എന്ന് വാക്കുപയോഗിച്ച് വിശേഷിപ്പിച്ചിട്ട് അത് സ്നേഹം കൊണ്ട് വിളിച്ചതായിരുന്നു എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്താണ് പറയുക. കാലു എന്ന വാക്കുമായി ബന്ധപ്പെട്ടും ഇതേ സാഹചര്യം തന്നെയാണുള്ളത്. ഇനി സണ്‍റൈസേഴ്സ് താരങ്ങളോട് എനിക്ക് പറയാനുള്ളത് കുറച്ചുകൂടി മാന്യതയും നട്ടെല്ലും കാട്ടുക. സമിയോട് ഔദ്യോഗികമായി മാപ്പു പറയുക എന്നായിരുന്നു സ്വര ഭാസ്കറുടെ ട്വീറ്റ്.

എന്നാല്‍ തന്റെ നിലപാടിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് സ്വര ഭാസ്കറിന് നല്‍കിയ മറുപടിയില്‍ സമി വ്യക്തമാക്കി. ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുത്. ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും മറ്റുള്ളവരെ ബോധവല്‍ക്കരിക്കാനും ഈ അവസരം നമുക്ക് ഉപയോഗിക്കാം. ചെയ്തത് തെറ്റാണെന്ന് തോന്നുമ്പോഴാണ് ഒരാള്‍ മാപ്പു പറയുന്നത്. കറുത്തവനെന്നതില്‍ അഭിമാനവും ആത്മവിശ്വാസവുമള്ളയാളാണ് ഞാന്‍. അതൊരിക്കലും മാറില്ലെന്നായിരുന്നു സമിയുടെ മറുപടി.

സണ്‍റൈസേഴ്സിലെ ഒരു സഹതാരം തന്നെ വിളിച്ചിരുന്നുവെന്നും അന്ന് കാലു എന്ന് വിളിച്ചത് സ്നേഹത്തോടെയായിരുന്നുവെന്ന അയാളുടെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും സമി ഇന്നലെ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.എന്റെ മുന്‍ ടീം അംഗം എന്നെ വിളിച്ച് രസകരമായി സംസാരിച്ചു എന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ വിളിച്ച സഹോദരന്‍ എന്നോട് പറഞ്ഞത്, അന്ന് എന്നെ അങ്ങനെ വിളിച്ചത് സ്നേഹത്തോടെയായിരുന്നു എന്നാണ്. അയാളുടെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. സംഭവിച്ച  മോശം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ ഇതിനെക്കുറിച്ച് ആളുകളെ എങ്ങനെ കൂടുതല്‍ നന്നായി ബോധവല്‍ക്കരിക്കാമെന്നാണ് ഞങ്ങളിപ്പോള്‍ ആലോചിക്കുന്നത്-സമി പറഞ്ഞിരുന്നു.

Darren Sammy replies to Swara Bhaskars SaySorryToDarren tweet
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു(ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു.

അന്ന് അങ്ങനെ വിളിച്ചവര്‍ തന്നെ വിളിച്ച് സംസാരിക്കണമെന്നും ഇല്ലെങ്കില്‍ ആരൊക്കെയാണ് അങ്ങനെ വിളിച്ച് അധിക്ഷേപിച്ചതെന്ന് പരസ്യമാക്കുമെന്നും സമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ ഹാസ്യതാരമായ ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് കാലു എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം തനിക്ക് മനസിലായതെന്നും അര്‍ത്ഥമറിഞ്ഞപ്പോള്‍ ശരിക്കും ദേഷ്യം വന്നുവെന്നും സമി പറഞ്ഞിരുന്നു.2014 നവംബറില്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ഇഷാന്ത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സമിക്കൊപ്പമുള്ള ചിത്രത്തില്‍ അടിക്കുറിപ്പില്‍ ഞാനും ഭുവിയും കാലുവും, ഗണ്‍ റൈസേഴ്സ് എന്ന് അടിക്കുറിപ്പ് നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios