Asianet News MalayalamAsianet News Malayalam

IND vs SL : നായകന്റെ ഇന്നിംഗ്‌സുമായി ഷനക; ലങ്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

ആവേഷ് ഖാന്‍ (Avesh Khan) രണ്ട് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel), രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

Dasun Shanka led Sri Lankat to decent total after early collapse
Author
Dharamshala, First Published Feb 27, 2022, 8:50 PM IST

ധര്‍മശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ (38 പന്തില്‍ പുറത്താവാതെ 74) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ആവേഷ് ഖാന്‍ (Avesh Khan) രണ്ട് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel), രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ശ്രീലങ്ക നാലിന് 29 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഷനക ക്രീസിലെത്തുന്നത്. പിന്നീട് ചാമിക കരുണാരത്‌നെ (12) കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ശ്രീലങ്കയ്ക്ക പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പത് ഫോറും റണ്ട് സിക്‌സും അടങ്ങുന്നതാണ് ഷനകയുടെ ഇന്നിംഗ്‌സ്. ഷനക ക്രീസിലെത്തും മുമ്പ് പുറത്തായ ദിനേശ് ചാണ്ഡിമലും (25) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചാണ്ഡിമലിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. 

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ഓപ്പണറെ നഷ്ടമായി. ധനുഷ്‌ക ഗുണതിലകയാണ് (0) ആദ്യം മടങ്ങിയത്. സിറാജിന്റെ പന്തില്‍ താരത്തിന്റെ വിക്കറ്റ് തെറിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് താരം പുറത്തായത്. രണ്ടാം ഓവറില്‍ സഹഓപ്പണര്‍ പതും നിസങ്കയും (1) മടങ്ങി. ഇത്തവണ ആവേഷാണ് വിക്കറ്റ് വീഴ്ത്തിയത്. വെങ്കടേഷ് അയ്യര്‍ ക്യാച്ചെടുത്തു. നാലാം ഓവറില്‍ ചരിത് അസലങ്കയും (4) മടങ്ങി. ആവേഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച്. ഇതോടെ മൂന്നിന് 11 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് മാത്രം നില്‍ക്കെ ജനിത് ലിയനകെയും വീണു. ബിഷ്‌ണോയ് ബൗള്‍ഡാക്കുകയായിരുന്നു താരത്തെ. 

ശ്രീലങ്കയ്ക്ക് ടോസ്

ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടുണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടി20യ്ക്കിടെ പരിക്കേറ്റ ഇഷാന്‍ ഇന്ന് കളിക്കുന്നില്ല. സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്‌തേക്കും. രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. കിഷന് പുറമെ ജസ്പ്രിത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. നേരത്തെ രോഹിത്തിന് കീഴില്‍ ന്യൂസിലന്‍ഡിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇന്ത്യ സമ്പൂര്‍ണ ജയം നേടിയിരുന്നു.

ടീമുകള്‍

ടീം ഇന്ത്യ : രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, വീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

ശ്രീലങ്ക: പതും നിസങ്ക, ധനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, ദിനേശ് ചാന്ദിമല്‍, ജനിത് ലിയനങ്ക, ദസുന്‍ ഷനക, ചാമിക കരുണാരത്‌ന, ദുശ്മന്ത ചമീര, ജെഫ്രി വാന്‍ഡര്‍സെ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര.

Follow Us:
Download App:
  • android
  • ios