ദില്ലി: ടെറിട്ടോറിയല്‍ ആര്‍മിയില്‍ രണ്ട് മാസത്തെ പരിശീലനത്തിനായി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു എം എസ് ധോണി. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും മുന്‍പ് ധോണി ഇക്കാര്യം സെലക്‌ടര്‍മാരെ അറിയിച്ചു. സൈനികര്‍ക്കൊപ്പം സമയം ചിലവഴിക്കാനുള്ള ധോണിയുടെ തീരുമാനത്തിന് വമ്പന്‍ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്.

എന്നാല്‍ മുന്‍ ഇംഗ്ലീഷ് താരവും കമന്‍റേറ്ററുമായ ഡേവിഡ് ലോയ്‌ഡിന്‍റെ പ്രതികരണം അതിരുകടന്നു. ഇതിന് 'തല' ആരാധകരില്‍ നിന്ന് കണക്കിന് കിട്ടുകയും ചെയ്തു മുന്‍ താരത്തിന്. സൈനിക പരിശീലനത്തിനായി പോകുന്ന ധോണിക്ക് വിന്‍ഡീസ് പര്യടനം നഷ്ടമാകും എന്ന സ്‌കൈ സ്‌പോര്‍‌ട്‌സിന്‍റെ ട്വീറ്റിന് ചിരിക്കുന്ന ഇമോജിയാണ് ലോയ്‌ഡ് നല്‍കിയത്. എന്നാല്‍ ഇതുകണ്ട ഇന്ത്യന്‍ ആരാധകര്‍ ലോയ്‌ഡിനെ വെള്ളംകുടിപ്പിച്ചു.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണലായ എം എസ് ധോണിക്ക് രണ്ട് മാസത്തെ സൈനിക പരിശീലനത്തിന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സൈനികര്‍ക്കൊപ്പം കശ്‌മീരിലായിരിക്കും ധോണി പരിശീലനം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ധോണി അംഗമായ ബെംഗളൂരു ആസ്ഥാനമായ ബറ്റാലിയന്‍ ഇപ്പോള്‍ കശ്‌മീരിലാണുള്ളതെന്നും ആര്‍മി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.