മുംബൈയിലെ വാംഖഢെയില്‍ മാര്‍ച്ച് 17-ാം തിയതിയാണ് ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം ആരംഭിക്കുന്നത്
മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കായി മുംബൈയില്‍ എത്തിക്കഴിഞ്ഞു ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. എന്നാല്‍ പരിക്ക് മാറിയെത്തുന്ന വാര്‍ണര്‍ക്ക് മുംബൈ ഏകദിനത്തില്‍ കളിക്കണമെങ്കില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ ക്ലിയറന്‍സ് വേണം എന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെ കണ്‍കഷനും കൈമുട്ടില്‍ പരിക്കുമേറ്റ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ അവസാന രണ്ട് ടെസ്റ്റുകളില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല.
മുംബൈയിലെ വാംഖഢെയില്‍ മാര്‍ച്ച് 17-ാം തിയതിയാണ് ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം നടക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. മുംബൈയില്‍ വന്നിറങ്ങിയ വാര്‍ണറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. എന്നാല്‍ മുംബൈയില്‍ കളിക്കണമെങ്കില്‍ താരത്തിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നെറ്റ്‌സിലെ ബാറ്റിംഗ് പരിശീലനത്തിന് ശേഷം ഓസീസ് മെഡിക്കല്‍ സംഘമാകും താരം മുംബൈയില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മുംബൈ ഏകദിനത്തില്‍ വാര്‍ണര്‍ കളിക്കും എന്ന പ്രതീക്ഷയുണ്ട് ഓസീസിന് പരിശീലകന്.
കരിയറില്‍ ഇതുവരെ 141 ഏകദിനങ്ങളില്‍ 45.16 ശരാശരിയില്‍ 6007 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. വാംഖഢെ ഏകദിനത്തിന് പിന്നാലെ 19, 22 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇന്ത്യക്കെതിരായ ഏകദിന പരമ്പര മാത്രമല്ല, ഓവലില്‍ ജൂണില്‍ ടീം ഇന്ത്യക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും വാര്‍ണറുടെ സേവനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്.
ഓസ്ട്രേലിയന്‍ ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ഷോണ്‍ അബോട്ട്, ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ.
