ഇന്ത്യക്കെതിരായ ഏകദിന പരമ്പരയാണ് ഡേവിഡ് വാര്‍ണര്‍ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി

ദില്ലി: ഇന്ത്യയെ രണ്ടാം ഹോമായി കാണുന്ന ക്രിക്കറ്ററാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയില്‍ അതിനാല്‍ തന്നെ വലിയ ആരാധകവൃന്ദം വാര്‍ണര്‍ക്കുണ്ട്. ഇന്ത്യന്‍ പാട്ടുകള്‍ക്കൊപ്പം, പ്രത്യേകിച്ച് തെലുഗു ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വാര്‍ണറുടെ നിരവധി വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ വച്ച് ഗള്ളി ക്രിക്കറ്റ് കളിക്കുന്ന വാര്‍ണറുടെ വീഡിയോ വൈറലാവുകയാണ്. തെരുവില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പമാണ് വാര്‍ണറുടെ ക്രിക്കറ്റ് കളി. ഇന്‍സ്റ്റഗ്രാമില്‍ വാ‍‍ര്‍ണര്‍ വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നാല് ലക്ഷത്തോളം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 

View post on Instagram

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയാണ് ഡേവിഡ് വാര്‍ണര്‍ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പരിക്ക് മാറി താരം ഏകദിനത്തിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് അറിയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളില്‍ 8.66 ശരാശരിയില്‍ 26 റണ്‍സ് മാത്രമാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ദില്ലി ടെസ്റ്റിനിടെ പരിക്കേറ്റ താരം പിന്നീട് കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഇന്ത്യയില്‍ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്രധാന താരങ്ങളിലൊരാളാണ് വാര്‍ണര്‍. പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീസ് ടീമിനെ ഏകദിനങ്ങളില്‍ നയിക്കുന്നത്. 

ഓസ്ട്രേലിയന്‍ ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ഷോണ്‍ അബോട്ട്, ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ. 

'റെസ്റ്റ് ഇന്‍ പീസ് പാകിസ്ഥാന്‍ ക്രിക്കറ്റ്'; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം