കമന്‍റിട്ടത് മാത്രമേ വാർണർക്ക് ഓർമ്മയുള്ളൂ. അതിന് താഴെ കോലി ആരാധകരുടെ ട്രോളുകളും പരിഹാസങ്ങളും നിരനിരയായെത്തി.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്‍റിട്ട ഡേവിഡ് വാർണർ പുലിവാല് പിടിച്ചിരിക്കുകയാണ്. ട്രോളോട് ട്രോളാണ് വാർണർക്ക് നേരെ. പരിഹാസവുമുണ്ട്. കോലി പോസ്റ്റ് ചെയ്ത അനുഷ്‌ക ശർമ്മയുടെ ഫോട്ടോയിലായിരുന്നു വാർണറുടെ കമന്‍റ്.
കറുപ്പണിഞ്ഞ അനുഷ്ക ശർമ്മയുടെ ചിത്രമാണ് വിരാട് കോലി അപ്‍ലോഡ് ചെയ്തത്. 'മൈ വേൾഡ്, മൈ ലൈവ്' എന്നും എഴുതി ഇന്ത്യൻ മുൻ നായകൻ. പോസ്റ്റിട്ട് അൽപ്പസമയത്തിനകം തന്നെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ കമന്‍റ് എത്തി. 'ലക്കി മാൻ മേറ്റ്' എന്നായിരുന്നു ഓസീസ് വെടിക്കെട്ട് ഓപ്പണറുടെ കമന്‍റ്. ഭാഗ്യവാനായ മനുഷ്യന്‍ എന്നാണ് ഇതിനര്‍ഥം. എന്നാല്‍ കമന്‍റിട്ടത് മാത്രമേ വാർണർക്ക് ഓർമ്മയുള്ളൂ. അതിന് താഴെ കോലി ആരാധകരുടെ ട്രോളുകളും പരിഹാസങ്ങളും നിരനിരയായെത്തി. കോലിയെ കളിയാക്കുന്ന തരത്തിലുള്ളതായിരുന്നു വാര്‍ണറുടെ കമന്‍റെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നു. ഒടുവിൽ വാർണർക്ക് തന്നെ വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. ഞങ്ങളുടെ നാട്ടിൽ, അതായത് ഓസ്ട്രേലിയയിൽ 'ലക്കി മാൻ' എന്ന് പറയുന്നത് പതിവ് ശൈലിയാണ് എന്നായിരുന്നു വാര്‍ണറുടെ വിശദീകരണം.

എന്‍റെ ഭാര്യ എന്‍റെ ഭാഗ്യമാണെന്ന് വരെ പറയേണ്ടിവന്നു വാർണർക്ക്. വാർണർ പറഞ്ഞത് യഥാർത്ഥ അർത്ഥത്തിൽ താൻ മനസിലാക്കിയിട്ടുണ്ടെന്ന് ഒടുവിൽ കോലിയുടെ മറുപടിയും എത്തി. ഇതോടെയാണ് പ്രശ്‌നം ഒരു പരിധിവരെ അവസാനിച്ചത്.
നിലവില്‍ ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി മത്സരിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഇന്ന് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ കോലി മികച്ച ഫോം തുടരും എന്നാണ് ഏവരുടെയും പ്രതീക്ഷ. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സ് നേടിയ താരം ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ 44 പന്തില്‍ പുറത്താവാതെ 59* റണ്‍സുമെടുത്തിരുന്നു. 190 ദിവങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയത്. രണ്ടര വര്‍ഷത്തിലേറെയായി സെഞ്ചുറി നേടാന്‍ കഴിയാത്തത് വലിയ വിമര്‍ശനത്തിന് വഴിവെക്കുമ്പോഴാണ് വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് കോലിക്ക് ഏറെ നിര്‍ണായകമാണ് ഏഷ്യാ കപ്പിലെ പ്രകടനം.
