മാഞ്ചസ്റ്റര്‍: ആഷസില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ സ്ഥിരം ഇരയായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.  മാഞ്ചസ്റ്ററില്‍ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിംഗ്സിലും ബ്രോഡ‍ിന് മുന്നില്‍ വാര്‍ണര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഇന്നിംഗ്സിില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണെങ്കില്‍ ഇത്തവണ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണെന്ന വ്യത്യാസം മാത്രം. ആറ് പന്ത് നേരിട്ട വാര്‍ണര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.  

ആദ്യ ഇന്നിംഗ്‌സില്‍ ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്തില്‍ വന്ന ബ്രോഡിന്‍റെ പന്തിനെ ലീവ് ചെയ്യാന്‍ നടത്തിയ ശ്രമത്തിലായിരുന്നു എഡ്‌ജായി വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തി വാര്‍ണര്‍ പുറത്തായത്.

ഈ ആഷസ് പരമ്പരയില്‍ ആറാം തവണയാണ് ബ്രോഡിന് മുന്നില്‍ വാര്‍ണര്‍ അടിയറവുപറയുന്നത്. ഇക്കുറി ബ്രോഡിന്‍റെ 87 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 32 റണ്‍സ് മാത്രം നേടിയാണ് ആറു തവണ വിക്കറ്റ് വലിച്ചെറിഞ്ഞത്. 2, 8, 3, 5, 61, 0, 0, 0 എന്നിങ്ങനെയാണ് ഈ ആഷസില്‍ വാര്‍ണറുടെ സ്‌കോര്‍. ടെസ്റ്റ് കരിയറിലാകെ 11 തവണ വാര്‍ണര്‍ ബ്രോഡിന് വിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്.