കോലിക്കൊപ്പം ഒരേ ടീമില്‍ കളിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു. 

മെല്‍ബണ്‍: ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയുടെ ടെസ്റ്റ് വിരമിക്കല്‍ വലിയ ഞെട്ടലാണ് ആരാധകരില്‍ ഉണ്ടാക്കിയത്. ഇക്കാര്യത്തില്‍ പലരും പ്രതികരിച്ച് കഴിഞ്ഞു. ഇപ്പോള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. കോലിക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും താരത്തിനൊപ്പം ഒരു ടീമില്‍ കളിക്കണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നുവെന്ന് വാര്‍ണര്‍ വ്യക്തമാക്കി. 

മുന്‍ ഓസീസ് ഓപ്പണറുടെ വാക്കുകള്‍... ''ഞങ്ങള്‍ എതിര്‍ ടീമില്‍ ഒരുപാട് കളിച്ചിട്ടുണ്ട്. എങ്കില്‍ പോലും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രം. ക്രിക്കറ്റിന്റെ ഒരു വലിയ അംബാസിഡര്‍ ആയിരുന്നു കോലി. കഠിനാധ്വാനം താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് കോലിയുണ്ടാവും. അദ്ദേഹത്തിന്റെ മനോഭാവത്തെ, സമര്‍പ്പണത്തെ, ആത്മവിശ്വാസത്തെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. യഥാര്‍ത്ഥത്തില്‍ കോലിക്കൊപ്പം ഒരേ ടീമില്‍ ഒരിക്കലെങ്കിലും കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരാഗ്രഹമായി എന്നും എന്റെ ഉള്ളില്‍ അതുണ്ടാകും.'' വാര്‍ണര്‍ വ്യക്തമാക്കി. 

അതേസമയം, ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ തകര്‍ന്നടിയുമെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് പറഞ്ഞു. 2011 ലെ ഏകദിന ലോകകപ്പ് കഴിഞ്ഞ ശേഷം നിരവധി താരങ്ങള്‍ വിരമിക്കുയും ചിലര്‍ വിരമിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സാഹചര്യത്തിലുണ്ടായ തകര്‍ച്ചയാണ് ഗംഭീറിന് മുന്നില്‍ ഉണ്ടാവുകയെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.

വിരാട് കോലിയ്ക്കും രോഹിത് ശര്‍മക്കും ഇന്ത്യന്‍ ക്രിക്കറ്റിനായി ഇനിയുമേറെ സംഭാവന ചെയ്യാനുണ്ടായിരുന്നു. കരിയറില്‍ ഇനി ഒന്നും നേടാനില്ലെന്ന് കോലിക്ക് തോന്നിക്കാണാം, എന്നാല്‍ രോഹിത് എല്ലായ്‌പ്പോഴും സ്വയം പ്രചോദിപ്പിക്കുന്ന താരമാണ്. രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചവരാണ്. മഹാന്‍മാരായ കളിക്കാരെല്ലാം 50 വയസുവരെ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതില്‍ വിഷമമുണ്ട്. യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ആരുമില്ല എന്നതിലും. ഇംഗ്ലണ്ടില്‍ യുവാതാരങ്ങളെ കുത്തിനിറച്ചൊരു ടീമുമായി പോവാനാണ് ആലോചിക്കുന്നതെങ്കില്‍ ഇന്ത്യ തകര്‍ന്നു തരിപ്പണമാകുമെന്നും യോഗ്രാജ് സിംഗ് പറഞ്ഞു.