ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായ ഡേവിഡ് വാര്‍ണര്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്തു. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായുള്ള അഭിമുഖത്തിലാണ് വാര്‍ണര്‍ തന്റെ പ്രിയതാരങ്ങളെ ഉള്‍പ്പെടുത്തി ടീം തെര‍ഞ്ഞെടുത്തത്. ഐപിഎല്ലിലെ മിന്നും താരങ്ങളായ യുവരാജ് സിംഗും ഷെയ്ന്‍ വാട്സണുമൊന്നും വാര്‍ണറുടെ ടീമില്‍ ഇടമില്ല.

ഓപ്പണറായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കൊപ്പം വാര്‍ണര്‍ തന്നെയാണ് ഇറങ്ങുന്നത്. മൂന്നാം നമ്പറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി എത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിശ്വസ്തനായ സുരേഷ് റെയ്നയാണ് നാലാം നമ്പറില്‍. മുംബൈ ഇന്ത്യന്‍സ് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിന്റെ ഗ്ലെന്‍ മാക്സ്‌വെല്ലുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.

Also Read: പാത്രങ്ങളും ബ്രഷുമൊക്കെയായി മറ്റൊരു വീഡിയോ കൂടി; വീണ്ടും ചിരിപ്പിച്ച് വാര്‍ണര്‍ കുടുംബം

വിക്കറ്റ് കീപ്പറായി ചെന്നൈ നായകന്‍ എം എസ് ധോണി തന്നെയാണ് എത്തുന്നത്. ഐപിഎല്ലില്‍ അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെങ്കിലും ഓസ്ട്രേലിയന്‍ ടീമിലെ സഹതാരമായ മിച്ചല്‍ സ്റ്റാര്‍ക്കും മുുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്രയുമാണ് വാര്‍ണറുടെ ടീമിലെ പേസര്‍മാര്‍. മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റയാണ് മൂന്നാം പേസറെന്നത് അത്ഭുതപ്പെടുത്തുന്ന സെലക്ഷനായി. കൊല്‍ക്കത്തയുടെ കുല്‍ദീപ് യാദവും ബാഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചാഹലുമാണ് വാര്‍ണറുടെ ടീമിലെ സ്പിന്നര്‍മാര്‍.