കൊല്‍ക്കത്ത: പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ വിരാട് കോലിയെയും ടീം ഇന്ത്യയെയും വെല്ലുവിളിച്ച് ഓസ്‌ട്രേലിയൻ നായകൻ ടിം പെയിന്‍. ഡേ ആൻഡ് നൈറ്റ് ടെസ്റ്റോടെ അടുത്ത ഓസ്‌ട്രേലിയൻ പര്യടനം തുടങ്ങാൻ ടീം ഇന്ത്യ തയ്യാറാകണമെന്ന് പെയിൻ ആവശ്യപ്പെട്ടു. പിന്നാലെ പെയിന് തകര്‍പ്പന്‍ മറുപടിയുമായി കോലി രംഗത്തെത്തി. 

ബ്രിസ്‌ബേനില്‍ പാകിസ്ഥാനെതിരായ ഇന്നിംഗ്‌സ് ജയത്തിന് ശേഷമായിരുന്നു വിരാട് കോലിക്കെതിരെ ഓസീസ് നായകന്‍റെ മുനവെച്ച പരാമര്‍ശം. കോലി നല്ല മൂഡിലാണെങ്കില്‍ ഇന്ത്യയുടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം പിങ്ക് ടെസ്റ്റോടെ തുടങ്ങാമെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്. 

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്‌ഡില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം കോലിയും ടീം ഇന്ത്യയും തള്ളിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പെയിനിന്‍റെ പരാമര്‍ശം. എന്നാല്‍ പരിശീലന മത്സരം ലഭിച്ചാല്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാകുന്നവരാണ് ഇന്ത്യൻ താരങ്ങൾ എന്ന് കോലി തിരിച്ചടിച്ചു. അടുത്ത വര്‍ഷം(2020) നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം.