മുംബൈ: ഋഷഭ് പന്തിന് തിളങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് വാദിക്കുന്ന യുവ്‌രാജ് സിംഗിന് ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സിന്‍റെ മറുപടി. ക്രിക്കറ്റ് കുട്ടിക്കളിയല്ലെന്നും മുതിര്‍ന്നവരുടെ മത്സരമാണ് എന്നുമാണ് പന്തിനെയും യുവിയെയും വിമര്‍ശിച്ച് ഡീനിന്‍റെ ട്വീറ്റ്.

'എം എസ് ധോണി ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ താരമായതല്ല. അദേഹത്തിന് പകരക്കാരന്‍ വരാനും കുറച്ച് വര്‍ഷങ്ങളെടുക്കും. ടി20 ലോകകപ്പിന് ഒരു വര്‍ഷം ബാക്കിയുണ്ട്. ഈ സമയം ഏറെയാണ്. ഋഷഭ് പന്തില്‍ നിന്ന് എത്രത്തോളം മികച്ച പ്രകടനം ലഭിക്കും എന്നത് അദേഹത്തിന്‍റെ മാനസികാവസ്ഥാ അനുസരിച്ചിരിക്കും. പന്തിന്‍റെ മാനസികാവസ്ഥ മനസിലാക്കി വേണം പദ്ധതി തയ്യാറാക്കാന്‍. തുടക്കത്തിലെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ അയാളിലെ മികച്ച പ്രകടനം നമുക്ക് കാണാനാവില്ല. പരിശീലകര്‍ക്കും ക്യാപ്റ്റനും പന്തിന്‍റെ ബാറ്റിംഗില്‍ ഏറെ മാറ്റങ്ങള്‍ വരുത്താനാകും' എന്നുമാണ് യുവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

എന്നാല്‍ യുവ്‌രാജിനെ വിമര്‍ശിച്ചുള്ള ഡീന്‍ ജോണ്‍സിന്‍റെ വാക്കുകളിങ്ങനെ. തെറ്റുകള്‍ വരുത്തുന്ന മറ്റ് യുവതാരങ്ങളില്‍ നിന്ന് ഋഷഭ് പന്തിന് എന്ത് വ്യത്യാസമാണുള്ളത്. ഇത് മുതിര്‍ന്നവരുടെ മത്സരമാണ്. പന്ത് യുവാവാണ് എന്ന് മനസിലാക്കുന്നു. എന്നാല്‍ എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്ന് പന്ത് തിരിച്ചറിയണമെന്നും അദേഹം ട്വീറ്റ് ചെയ്തു. 

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേറ്റ് പുറത്തായതോടെയാണ് ഋഷഭ് പന്തിന് ലോകകപ്പ് ടീമിലേക്ക് വഴിയൊരുങ്ങിയത്. ലോകകപ്പിന് ശേഷം ഋഷഭ് പന്തിനെ ഇന്ത്യ നാലാം നമ്പറില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്‍റിന്‍റെ വിശ്വാസം കാക്കാനാവാത്ത താരം അനാവശ്യ ഷോട്ടുകള്‍ കളിച്ച് തുടര്‍ച്ചയായി പുറത്തായി. അവസാന ആറ് ഇന്നിംഗ്‌സുകളിലും 30ലധികം സ്‌കോര്‍ കണ്ടെത്താന്‍ താരത്തിനായില്ല. എം എസ് ധോണി വിശ്രമമെടുത്തതോടെ പന്താണ് ഇപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും പന്ത് നിരാശനാക്കി. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ നാല് റണ്‍സും മൂന്നാം ടി20യില്‍ 19 റണ്‍സുമായിരുന്നു പന്തിന്‍റെ സമ്പാദ്യം. ഇതോടെ പന്തിന് പകരക്കാരനായി സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. ഇതിനിടെയാണ് പന്തിനെ പിന്തുണച്ച് മുന്‍ താരം യുവ്‌രാജ് സിംഗ് പരസ്യമായി രംഗത്തെത്തിയത്.