ജൊഹാനസ്ബര്‍ഗ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജാനേമാന്‍ മലന്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായാണ് മലന്‍ നാണംകെട്ട റെക്കോര്‍ഡിന് ഉടമയായത്.

മലന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ഏകദിന അരങ്ങേറ്റത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനാണ് മലന്‍. സ്റ്റാര്‍ക്കിന്റെ 143 കിലോ മീറ്റര്‍ വേഗത്തിലെത്തിയ അതിവേഗ യോര്‍ക്കറിലാണ് മലന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 10 വര്‍ഷം മുമ്പ് ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ കീറന്‍ പവല്‍ അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ പുറത്തായിട്ടുണ്ടെങ്കിലും അന്ന് ഇന്നിംഗ്സിലെ ആദ്യ പന്ത് വൈഡ് ആയിരുന്നു.

വലം കൈയന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനായ 23കാരനായ മലന്‍ രണ്ട് ടി20 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹെന്‍റിച്ച് ക്ലാസന്റെ സെഞ്ചുറിയുടെയും(114 പന്തില്‍ 123*), ഡേവിഡ് മില്ലറുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു.