Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് വേദി: അവ്യക്തത തുടരുന്നു; അയഞ്ഞുകൊടുക്കാതെ ബോര്‍ഡുകള്‍, ഇനിയെന്ത്?

ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയില്‍ നടക്കുമെന്നും ജയ് ഷാ വ്യക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്

Decision on Asia Cup ODI Cricket Tournament 2023 venue uncertainty continues jje
Author
First Published Feb 5, 2023, 9:43 AM IST

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ച അവ്യക്തത തുടരുന്നു. ടൂര്‍ണമെന്‍റിനായി പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനുമായ ജയ് ഷാ മുമ്പ് വ്യക്തമാക്കിയതോടെയാണ് വേദിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ആരംഭിച്ചത്. ബഹറിനില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മീറ്റിംഗിലും വേദി സംബന്ധിച്ച് ധാരണയിലെത്താനായില്ല എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം മാര്‍ച്ചിലുണ്ടായേക്കും എന്നും ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പാകിസ്ഥാനില്‍ നിന്ന് മത്സരം യുഎഇയിലേക്ക് മാറ്റും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 

ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയില്‍ നടക്കുമെന്നും ജയ് ഷാ വ്യക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്. ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിന്നാലെ പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഇരു ബോര്‍ഡുകളും തമ്മിലുള്ള മഞ്ഞുരുകിയില്ല. രാജ്യത്തിന്‍റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനം എന്നാണ് ഇരു ബോര്‍ഡുകളും കൈക്കൊണ്ടിരിക്കുന്ന നിലപാട്. ബഹറിനിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മാറ്റിംഗിനിടെ ജയ് ഷായും പിസിബി പ്രസിഡന്‍റ് നജാം സേഥിയും കൂടിക്കാഴ്‌ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നുമായില്ല. 

2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബസിന് നേരെ ലാഹോറില്‍ ആക്രമണം നടന്ന ശേഷം രാജ്യാന്തര ടീമുകളൊന്നും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നില്ല. വിദേശ ടീമുകള്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായിട്ടേയുള്ളൂ. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകള്‍ പാകിസ്ഥാനിലെത്തി പരമ്പര കളിച്ചിരുന്നു. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പര നടന്നിട്ട് വര്‍ഷങ്ങളേറെയായി. ഇരു രാജ്യങ്ങളും തമ്മിൽ 2013ന് ശേഷം പരമ്പരകൾ നടന്നിട്ടില്ല. 2016 ട്വന്‍റി 20 ലോകകപ്പിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ കളിച്ചത്. 

വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പില്‍ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം പ്രീമിയര്‍ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് അരങ്ങേറുക. 

വരുന്നു വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം; ഏഷ്യാ കപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios