Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പില്‍ ആരൊക്കെ ഓപ്പണറാവണം? സര്‍പ്രൈസ് പേരുമായി മുന്‍താരം, സഞ്ജുവിന് നിരാശ

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നീ പേരുകള്‍ക്കൊപ്പം മറ്റൊരാളെയും അദ്ദേഹം മുന്നോട്ടുവെക്കുന്നു

Deep Dasgupta has thrown a new name in the opening mix for T20 World Cup 2022 but not Sanju Samson
Author
Mumbai, First Published Aug 5, 2022, 11:59 AM IST

മുംബൈ: ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഓപ്പണിംഗില്‍ വിവിധ സഖ്യങ്ങളെ പരീക്ഷിക്കുകയാണ് ടീം. മധ്യനിര താരം സൂര്യകുമാറിന് സ്ഥാനക്കയറ്റം നല്‍കിയതാണ് ഒടുവിലെ പരീക്ഷണം. ലോകകപ്പില്‍ ആരൊക്കെയാവണം ഓപ്പണര്‍മാര്‍ എന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍താരം ദീപ്‌ ദാസ്‌ഗുപ്‌ത(Deep Dasgupta). രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നീ പേരുകള്‍ക്കൊപ്പം മറ്റൊരാളെയും അദ്ദേഹം മുന്നോട്ടുവെക്കുന്നു. എന്നാലത് സഞ്ജു സാംസണല്ല. 

'ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമായിരിക്കും ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണറായി പൃഥ്വി ഷായെ പോലൊരു താരമുണ്ട്. വ്യത്യസ്ത മികവുമായി ഓപ്പണിംഗ് സ്ഥാനത്ത് ഷാ തിളങ്ങിയിട്ടുണ്ട്. അദ്ദേഹം ഇന്നിംഗ്‌സിന് തുടക്കമിടുന്ന രീതി ഗംഭീരമാണ്. അയാള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് 70ഓ 80ഓ റണ്‍സ് സംഭാവന ചെയ്യുന്നുണ്ടാവില്ല. പക്ഷേ ടീമിന് മിന്നും തുടക്കം നല്‍കാന്‍ താരത്തിനാകും. ഇഷാന്‍ കിഷനും മികച്ച താരമാണ്. എന്നാല്‍ അവസാന കുറച്ച് മത്സരങ്ങളില്‍ ആ താളം കുറച്ച് അദ്ദേഹത്തിന് നഷ്‌ടമായി' എന്നും ദീപ്‌ ദാസ്‌ഗുപ്‌ത യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 10 ഇന്നിംഗ്‌സില്‍ 152.97 സ്‌ട്രൈക്ക് റേറ്റില്‍ 283 റണ്‍സ് പൃഥ്വി ഷാ നേടിയിരുന്നു. എന്നാല്‍ അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2021 ജൂലൈയിലാണ്. 

വിക്കറ്റ് കീപ്പര്‍മാര്‍ ഏറെ, എന്ത് ചെയ്യും? 

'മികച്ച ബാറ്റര്‍മാരായ വിക്കറ്റ് കീപ്പര്‍മാര്‍ നിരവധി പേര്‍ ടീമിലുണ്ട്. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായും ഇവരെ ഉള്‍പ്പെടുത്താവുന്നതാണ്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്. ഐപിഎല്ലില്‍ തിളങ്ങിയ ജിതേഷ് ശര്‍മ്മയെ പോലുള്ള താരങ്ങളും വളര്‍ന്നുവരുന്നുണ്ട്. പലരേയും ബാറ്റര്‍മാരായാണ് ഞാന്‍ കാണുന്നത്. ബാറ്റര്‍മാരായി പരിഗണിച്ചാല്‍ 2-3 വിക്കറ്റ് കീപ്പര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താം. ഉദാഹരണത്തില്‍ ഓപ്പണറായി കെ എല്‍ രാഹുല്‍, റിഷഭ് പന്ത് മധ്യനിരയില്‍, ദിനേശ് കാര്‍ത്തിക് ഫിനിഷറായും ഇലവനിലെത്താം' എന്നും  ദീപ്‌ ദാസ്‌ഗുപ്‌ത കൂട്ടിച്ചേര്‍ത്തു.

മൂവര്‍ സംഘമില്ലാതെ എന്ത് പരിപാടി; ടി20 ലോകകപ്പിലെ പേസ്‌ നിരയെ പ്രവചിച്ച് ആര്‍ ശ്രീധര്‍

Latest Videos
Follow Us:
Download App:
  • android
  • ios