കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ 11 പേസര്‍മാരെ ഇന്ത്യ പരീക്ഷിച്ചപ്പോള്‍ മികച്ച ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്

മുംബൈ: ടി20 ലോകകപ്പിനുള്ള(T20 World Cup 2022) 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ(Indian National Cricket Team) കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. തിരിച്ചുവരവിന് കാത്തിരിക്കുന്ന വിരാട് കോലിയടക്കം നിരവധി താരങ്ങള്‍ ചര്‍ച്ചകളുടെ ഹോട് സീറ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഇതിനിടെ ലോകകപ്പില്‍ ഉറപ്പായും ടീമിലുണ്ടാകുന്ന മൂന്ന് പേസര്‍മാരുടെ പേരുകള്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍(R Sridhar).

ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് ടീമിലെ പേസര്‍മാരായി ശ്രീധറിന് ഉറപ്പുള്ളത്. 'നിരവധി പേസര്‍മാരുണ്ട് നമുക്ക്, അതാണ് പ്രശ്നം. എനിക്ക് തോന്നുന്നു നമ്മുടെ മൂന്ന് മുന്‍നിര പേസര്‍മാര്‍ ബുമ്രയും ഷമിയും ഭുവിയുമായിരിക്കും. ഇതോടെ ന്യൂ ബോള്‍ ബൗളറും ഡെത്ത് ഓവര്‍ ബൗളര്‍മാരും ലഭിക്കും. ഭുവിയാണെങ്കില്‍ മികച്ച ഫിറ്റ്‌നസിലുമാണ്. ലോകത്തെ മികച്ച ഓപ്പണിംഗ് ബാറ്റര്‍മാരെ വിറപ്പിക്കാനുള്ള കരുത്ത് ഷമിക്കുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ പന്തെറിയുന്നു. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയുമുണ്ട്. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്‍റില്‍ വമ്പന്‍മാര്‍ ടീമില്‍ വേണം. മൂന്ന് മുന്‍നിര പേസര്‍മാര്‍ക്ക് കരുത്തനായ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് നിര ശക്തമാകും' എന്നും ആര്‍ ശ്രീധര്‍ ക്രിക്കറ്റ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ 11 പേസര്‍മാരെ ഇന്ത്യ പരീക്ഷിച്ചപ്പോള്‍ മികച്ച ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ്. 18 ഇന്നിംഗ്‌സില്‍ 6.94 ശരാശരിയില്‍ 23 വിക്കറ്റാണ് ഭുവിയുടെ സമ്പാദ്യം. 16 ഇന്നിംഗ്‌സില്‍ ഹര്‍ഷല്‍ പട്ടേല്‍ ഇത്രതന്നെ വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും ശരാശരി 9 റണ്‍സോളം വഴങ്ങി. കഴിഞ്ഞ ലോകകപ്പിന് ശേഷം ജസ്‌പ്രീത് ബുമ്രയെ ഇന്ത്യ അധികം കളിപ്പിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റാണ് ബുമ്രയുടെ നേട്ടം. അതേസമയം 2021 നവംബറിന് ശേഷം ഇന്ത്യക്കായി ഒരു ടി20 മത്സരം പോലും മുഹമ്മദ് ഷമി കളിച്ചിട്ടില്ല. 

ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഏഷ്യാ കപ്പില്‍ കളിക്കുന്ന അതേ ടീമിനെ തന്നെ ഇന്ത്യ ലോകകപ്പിലും അണിനിരത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിലും ഇതേ ടീമിനെ ഇന്ത്യ അണിനിരത്തുമെന്ന് സൂചനയുണ്ട്. ഓഗസ്റ്റ് എട്ടാം തിയതി ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും. ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയുടെ ഉപനായകന്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കെ എല്‍ രാഹുല്‍ പരിക്കിന് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് ഏഷ്യാ കപ്പിലൂടെ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി? ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഹാര്‍ദിക് വൈസ് ക്യാപ്റ്റന്‍- റിപ്പോര്‍ട്ട്