Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: അവസാന നിമിഷ ട്വിസ്റ്റില്‍ ദീപക് ചാഹര്‍ പ്രധാന സ്‌ക്വാഡിലേക്ക്? സാധ്യതകള്‍ ഏറെ

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് യുഎഇയിലേക്ക് പോവുന്നത്

Deepak Chahar may be promoted to Team India main squad for Asia Cup 2022
Author
Mumbai, First Published Aug 11, 2022, 11:25 AM IST

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് പേസര്‍മാരുടെ എണ്ണമായിരുന്നു. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യയുടെ പ്രധാന സ്‌ക്വാഡില്‍ ഇടംപിടിച്ചത്. നാലാമനായി ദീപക് ചാഹറിന്‍റെ പേര് സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലാണുള്ളത്. പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കിനാല്‍ മാറിനില്‍ക്കുമ്പോള്‍ ദീപക് ചാഹറിനെ മറികടന്ന് ആവേശ് ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദീപക്കിനെ പ്രധാന സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തേണ്ടിവന്നേക്കാം ടീം ഇന്ത്യക്ക്. ഇതിന് നിരവധി കാരണങ്ങളുണ്ട്. 

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് യുഎഇയിലേക്ക് പോവുന്നത്. സ്‌ക്വാഡിലുള്ള ഭുവനേശ്വര്‍ കുമാര്‍ ഒഴികെയുള്ള അര്‍ഷ്‌ദീപ് സിംഗും ആവേശ് ഖാനും പരിചയസമ്പന്നരായ താരങ്ങളല്ല. രാജ്യാന്തര ടി20യില്‍ തുടക്കക്കാരനായ അര്‍ഷ്‌ദീപ് മികച്ച പ്രകടനം നടത്തുമ്പോഴും ഏറെ റണ്‍സ് വഴങ്ങുകയാണ് ആവേശ്. അതിനാല്‍തന്നെ പ്ലേയിംഗ് ഇലവനില്‍ ആവേശ് ഖാന്‍ ഇടംപിടിക്കാനുള്ള സാധ്യത കുറയുന്നു. അവസാന നിമിഷം ദീപക് ചാഹറിന് പ്രധാന സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ താരത്തിന്‍റെ പ്രകടനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. 

പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് വരുന്നതാണ് ദീപക് ചാഹറിനെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയില്‍ മാത്രം ഉള്‍പ്പെടുത്താനുള്ള കാരണം. കഴിഞ്ഞ ആറ് മാസമായി മത്സര ക്രിക്കറ്റ് ചാഹര്‍ കളിച്ചിട്ടില്ല. എന്നാല്‍ സിംബാബ്‌വെക്കെതിരെ ഉടനാരംഭിക്കുന്ന ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ആവേശ് ഖാനെ മറികടന്നോ ഏതെങ്കിലും പേസര്‍മാര്‍ പരിക്കിന്‍റെ പിടിയിലായാലോ ദീപക് ചാഹറിന് പ്രധാന സ്‌ക്വാഡിലേക്ക് ചേക്കേറാനായേക്കും. മൂന്ന് ഏകദിനങ്ങളുടെ സിംബാബ്‌വെ പര്യടനം ചാഹറിന്‍റെ ഫിറ്റ്‌നസ്-ഫോം പരീക്ഷയാവുമെന്ന് സാരം. പവര്‍പ്ലേയിലെ ബൗളിംഗിനൊപ്പം ബാറ്റിംഗിലും ആശ്രയിക്കാവുന്ന താരമാണ് താനെന്ന് ദീപക് ചാഹര്‍ മുമ്പ് തെളിയിച്ചിട്ടുള്ളതും താരത്തിന് പ്രധാന സ്‌ക്വാഡിലെത്താന്‍ സഹായകമാകുന്ന ഘടകമാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ ദീപക് ചാഹര്‍ ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. 

ഏഷ്യാ കപ്പിൽ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ തിരിച്ചുവരവ് കരുത്തുകൂട്ടും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡിലിടം പിടിച്ച മറ്റുള്ളവര്‍. ദീപക് ചാഹറിന് പുറമെ അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവരെയും സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ ജസ്‌പ്രീത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ സ്‌ക്വാഡിലില്ല. 

ഫോം താൽക്കാലികം, ക്ലാസ് സ്ഥിരം; കോലിക്ക് പിന്തുണയുമായി മഹേല ജയവർധനെയും ശിഖർ ധവാനും

Latest Videos
Follow Us:
Download App:
  • android
  • ios